2023 – 24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഗോള ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനമായ ഓയോ റൂംസ്. ഈ കാലയളവിൽ കമ്പനിക്ക് 100 കോടിയുടെ ലാഭമുണ്ടാക്കാനായെന്ന് ഓയോ റൂംസിന്റെ സ്ഥാപകനും ഗ്രൂപ്പ്സി.ഇ.ഒയുമായ റിതേഷ് അഗർവാൾ സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. തുടർച്ചയായ എട്ട് പാദങ്ങളിലും കമ്പനിക്ക് മികച്ച നേട്ടമുണ്ടാക്കാനായി. ഇതാദ്യമായാണ് കമ്പനിക്ക് ലാഭകരമായ സാമ്പത്തിക വർഷം രേഖപ്പെടുത്താനായത്. നിലവിൽ 1000 കോടിയുടെ ക്യാഷ് ബാലൻസുണ്ടെന്നും അഗർവാൾ പറയുന്നു.
എന്നാൽ ഈ നേട്ടം ഇന്ത്യയിലെ മാത്രം പ്രവർത്തനം കൊണ്ട് ലഭിച്ചതല്ല. നോർഡിക്ക്, സൗത്ത് ഈസ്റ്റ് ഏഷ്യ, യു.എസ്, യു.കെ തുടങ്ങിയ മേഖലകളിലും മുന്നേറ്റമുണ്ടാക്കാൻ ഓയോ റൂംസിനായി.
ലഭിച്ച സേവനങ്ങളിൽ സംതൃപ്തരായ ഉപഭോക്താക്കളും പരാതികൾക്കിടയില്ലാതെ സേവനങ്ങളൊരുക്കിയ ഹോട്ടൽ പാർട്ട്ണർമാരുമാണ് ഈ സന്തോഷത്തിന് പിന്നിലെ കാരണക്കാരെന്നും അഗർവാൾ പറയുന്നു. ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഭീമന്മാരായ ഫിച്ച് റേറ്റിംഗ് (Fitch) അടുത്തിടെ ഓയോ റൂംസിന്റെ മിച്ചെ പ്രകടനത്തിന് അംഗീകാരം നൽകിയതും നേട്ടമായി. ഓയോ റൂംസിന്റെ മാതൃകമ്പനിയായ ഒറാവൽ സ്‌റ്റേഴ്സിന്റെ റേറ്റിംഗ് അടുത്തിടെ ഉയർത്തിയിരുന്നു. സ്ഥിരതയാർന്ന പ്രകടനം കണക്കിലെടുത്ത് കമ്പനിയുടെ റേറ്റിംഗ് ബി മൈനസിൽ നിന്നും ബിയിലേക് ഉയർത്തുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആഗോള തലത്തിൽ 5000 ഹോട്ടലുകളും 6000 വീടുകളും ഓയോ പുതുതായി ആരംഭിച്ചതും അനുകൂലമായി
മൊബൈൽ ഫോൺ, കംപ്യൂട്ടർ ഉപയോഗിച്ച് വ്യക്തികൾക്കും കപ്പിൾസിനും കുടുംബങ്ങൾക്കും അനായാസം ഹോട്ടൽ റൂമുകൾ വാടകയ്ക്ക് എടുക്കാൻ സാധിക്കുന്ന സേവനങ്ങളാണ് ഓയോ റൂം നൽകുന്നത്. 2012 ൽ ആരംഭിച്ച കമ്പനിക്ക് കീഴിൽ 800 നഗരങ്ങളിലായി 43,000 ൽ അധികം പ്രോപ്പർട്ടികളും ഒരു ദശലക്ഷത്തിലധികം മുറികളുമുണ്ട്.
