എയർ ഇന്ത്യ എക്സ്പ്രസിന് ആകെ ശനി ദശയാണെന്ന് പറയേണ്ടി ഇരിക്കുന്നു. കൂനിൽ മേൽ കുരു എന്നതുപോലെ സ്വർണ കടത്തിന് എയർ ഇന്ത്യ എക്സ്പ്രസിലെ ഒരു എയർ ഹോസ്റ്റസ് പിടിയിലായി. 960 ഗ്രാം സ്വർണമാണ് ഇവർ അനധികൃതമായി കടത്താൻ ശ്രമിച്ചതെന്നാണ് കേസ്. പശ്ചിമ ബംഗാൾ സ്വദേശിയായ സുരഭി കാട്ടുൺ എന്ന എയർ ഹോസ്റ്റസ് ആണ് റവന്യൂ ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പിടിയിലായത്.
ഒമാനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സുരഭി മുമ്പും പല തവണ സ്വർണം കടത്തിയതായി സംശയിക്കുന്നു. ദ്രാവക രൂപത്തിലാക്കിയാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സുരഭിയെ 14 ദിവസത്തേക്ക് റിമാൻ്റു ചെയ്ത് കണ്ണൂർ ജയിലിലേയ്ക്കു മാറ്റിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി മുമ്പും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്ന് റവന്യൂ ഇൻ്റലിജൻസ് അധികൃതർ പറഞ്ഞു
