കൊച്ചിയിൽ പൊലിസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ സമീപത്തെ ഒരു വീട്ടിലെ പട്ടികൂടിൽ നിന്നും പൊലിസ് പൊക്കി. കാപ്പ കേസിലെ പ്രതിയായ വടുതല സ്വദേശിയായ മനീഷിനെ വിലങ്ങിട്ട് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് പൊലിസിനെ വെട്ടിച്ചു മുങ്ങാൻ നോക്കിയത്.
പൊലിസിനെ വെട്ടിച്ച് ഓടിയ മനീഷ് രക്ഷപ്പെടാനായി കരുവേലിപ്പടിയിലെ രണ്ടു വീടുകളിൽ കയറി. വീട്ടുകാർ കണ്ടതിനാൽ അവർ മനീഷിനെ തടയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അതോടെ ഓട്ടം തുടർന്ന ഇയാൾ സമീപത്തു താമസിക്കുന്ന ഒരു ഡോക്ടറുടെ വീട്ടിലെ പുറത്തെ പട്ടിക്കൂട്ടിൽ കയറി ഒളിക്കുകയായിരുന്നു. മയക്കു മരുന്ന്, മോഷണം, കൊലപാതക ശ്രമം തുടങ്ങി നിരവധി കുറ്റങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ കേസുള്ള മനീഷിനെ കാപ്പ ചുമത്തിയാണ് ബംഗളുരുവിൽ നിന്ന് പള്ളുരുത്തി പൊലിസ് പിടി കൂടിയത്. പട്ടിക്കൂട്ടിൽ നിന്ന് മനീഷിനെ പിടി കൂടി പൊലിസ് റിമാൻ്റിലാക്കി.
