തൃശൂരിൽ കെ എസ് ആർ ടി സി ബസിൽ യുവതിയ്ക്ക് സുഖ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. ഡോക്ടറും നെഴ്സും ബസിനുള്ളിൽ കയറി പ്രസവമെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയായ യുവതിയാണ് ആനവണ്ടിയെ ലേബർ റൂമാക്കിയത്.
പേരാമംഗലം പൊലിസ് സ്റ്റേഷനു സമീപത്ത് വണ്ടിയെത്തിയപ്പോൾ യുവതിയ്ക്ക് കലശലായ വേദന വന്നു. പേറ്റു നോവാണത് എന്നറിഞ്ഞ ബസ് ജീവനക്കാർ നേരേ അമല ആശുപത്രിയിലേക്ക് വണ്ടി വിട്ടു. എത്തുന്നതിനു മുന്നേ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ബസ് ആശുപത്രി പടി കയറേണ്ട താമസം ഡോക്ടറും നെഴ്സും അടക്കമുള്ള സകല സംവിധാനങ്ങളും റെഡി. ചടപടെ ചടപടെ കാര്യങ്ങൾ നടന്നു. നിമിഷങ്ങൾക്കുള്ളിൽ കെ എസ് ആർ ടി സി യ്ക്കുള്ളിൽ അങ്ങനെ മിടുക്കിയായ ഒരു പെൺകുഞ്ഞ് പിറന്നു.
കെ എസ് ആർ ടി സി ഡ്രൈവർക്കും കണ്ടക്ടർക്കും അഭിനന്ദന പ്രവാഹമാണ്. വിമാന യാത്രയിലെ പോലെ കുഞ്ഞിന് ആജീവനാന്ത സൗജന്യ ബസ് യാത്ര മന്ത്രി ഗണേഷ് കുമാർ പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
