റെയിൽവേയുടെ വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നു വിളിച്ചു പറഞ്ഞ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കാൻ കേരള പൊലിസും റയിൽവേ പൊലിസും അഗ്നിശമന വിഭാഗവും പെട്ട പാട് ചില്ലറയല്ല. അങ്കമാലി റയിൽവേ സ്റ്റേഷനിലായിരുന്നു ഒരു ചെറുപ്പക്കാരൻ്റെ പരാക്രമം.
കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള യുവാവ് അങ്കമാലിയിലെ റയിൽവേ ഇലക്ട്രിക് ടവറിൽ പണിപ്പെട്ടു കയറി ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് തനിയ്ക്കെതിരെ അങ്കമാലി പൊലിസ് സ്റ്റേഷനിൽ ഒരു കേസുണ്ട് എന്നാണ്. അതു പിൻവലിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ താനെല്ലാം ഇതോടെ അവസാനിപ്പിയ്ക്കുമെന്നാണ്.
അങ്കമാലി പൊലിസ്, സ്റ്റേഷൻ രേഖകൾ തലങ്ങും വിലങ്ങും പരിശോധിച്ചിട്ടും ഇങ്ങനെയൊരാളുടെ പേരിൽ ഒരു കേസും നാളിതുവരെ തങ്ങളുടെ സ്റ്റേഷൻ അതിർത്തിയിൽ രേഖപ്പെടുത്തിയതായി കണ്ടില്ല. ഈ വിവരം യുവാവിനെ അറിയിച്ചിട്ടും അയാൾ തൻ്റെ നിലപാടിൽ ഉറച്ചു തന്നെ നിന്നു. കേസ് പിൻവലിക്കാതെ താൻ പിൻവാങ്ങില്ല എന്നായിരുന്നു യുവാവിൻ്റെ പക്ഷം. ഒടുവിൽ ഇല്ലാത്ത കേസ് പിൻവലിയ്ക്കാമെന്ന് ഉറപ്പു നൽകിയാണ് പൊലിസ് സംഭവം പരിഹരിച്ചത്.
ചടയമംഗലം സ്വദേശിയായ യുവാവ് എന്തിനാണ് ഇങ്ങനെ പറഞ്ഞ് അങ്കമാലിയിൽ എത്തിയതെന്നും എന്താണ് യഥാർത്ഥ വസ്തുതയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അങ്കമാലി പൊലിസ്.
