മലയാളത്തിൻ്റെ ശ്രീക്കുട്ടൻ ഇന്ന് 67 ലേക്ക്. മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്ന മലയാളത്തിൻ്റെ എം ജി ശ്രീകുമാർ 1957 മെയ് 25 നാണ് ജനിച്ചത്. അദ്ദേഹത്തിൻ്റെ കുടുംബത്തെ അറിയാത്ത സംഗീതം ഇഷ്ടപ്പെടുന്നവരാരും ഉണ്ടാകാൻ യാതൊരു വഴിയുമില്ല.
തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള മേടയിൽ വീട് സംഗീത ഉപാസകരുടേയും സംഗീത സ്നേഹികളുടേയും ആശ്രയം കൂടിയാണ്. ആ കുടുംബത്തിലെ മൂത്ത മകനെ മലയാളത്തിലെ ലളിത – ശാസ്ത്രീയ – സിനിമാ ഗാനങ്ങളുടെ ഇഷ്ടക്കാരെല്ലാം ഓർക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. ആകാശവാണിയിലൂടെ നൂറു കണക്കായ ലളിതഗാനങ്ങൾക്ക് ഈണം കൊടുത്തും പാടിയും, പഠിപ്പിച്ചും, ആയിരക്കണക്കിനു വേദികളിൽ ശുദ്ധ കർണാടകസംഗീതത്തിൻ്റെ സദിരുകൾ തീർത്തും, ചലച്ചിത്രഗാനങ്ങളിലൂടെ വിസ്മയകരമായ സംഗീതം പൊഴിച്ചും മലയാളി മനസിൽ ഒരു പ്രത്യേകം ഇരിപ്പിടമുള്ള എം ജി രാധാകൃഷ്ണൻ. പിന്നെ ഡോ കെ ഓമനക്കുട്ടി ടീച്ചറിനും ഒരു മുഖവുര ആവശ്യമില്ല. കർണാടക സംഗീതത്തിൻ്റെ നിത്യ ഉപാസക, പ്രശസ്ഥ ഗായിക കെ എസ് ചിത്ര ഉൾപ്പെടെ ആയിരക്കണക്കായ സംഗീത വിദ്യാർത്ഥികൾക്ക് സംഗീതാമൃതം പകർന്നു നൽകിയ പ്രിയ ഗുരുനാഥ.

ആ വീട്ടിലെ ഇളയവനായി പിറന്നു വീണ ശ്രീകുമാർ പാടുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്. ആ കുടുംബത്തിലെ ഓരോ അണുവിലും സംഗീതം മാത്രമേയുള്ളു. ജ്യേഷ്ഠനിൽ നിന്നു തന്നെ സംഗീതാഭ്യസനം തുടങ്ങിയ ശ്രീകുമാർ, ചേർത്തല ഗോപാലൻ നായർ, നെയ്യാറ്റിൻകര വാസുദേവൻ എന്നിവരിൽ നിന്നു കൂടി സംഗീത പഠനം നടത്തിയിരുന്നു.
1983 ൽ കൂലി എന്ന ചിത്രത്തിൽ രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട വെള്ളിക്കൊലുസോടെ കളിയാടും എന്ന ഗാനം പാടിയാണ് ചലച്ചിത്രഗാന രംഗത്ത് തുടക്കമിട്ടത്. യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ മലയാള പിന്നണി ഗാന രംഗത്തെ അതികായൻമാർ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ എം ജി ശ്രീകുമാർ മെല്ലെ മലയാളത്തിൽ ചുവടുറപ്പിക്കാൻ തുടങ്ങി. മോഹൻലാൽ – പ്രിയദർശൻ സൗഹൃദ വലയത്തിലെ മറ്റൊരു പ്രധാനി കൂടിയായതുകൊണ്ട് ശ്രീകുമാറിന് അവസരങ്ങൾ ഏറെ കിട്ടിത്തുടങ്ങി. സ്വത സിദ്ധമായ കഴിവു കൂടിയായപ്പോൾ മലയാളത്തിലെ ഇരുത്തം വന്ന ഗായകനാകാൻ അദ്ദേഹത്തിന് അധിക കാലം വേണ്ടി വന്നില്ല.

പ്രിയദർശൻ – മോഹൻലാൽ സിനിമകളിലെ ഗാനങ്ങൾക്ക് ഒരു ഘട്ടത്തിലെ പുരുഷശബ്ദം എം ജി ശ്രീകുമാർ മാത്രമായിരുന്നു. ജോൺസൺ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, കണ്ണൂർ രാജൻ, രഘുകുമാർ, ബേണി-ഇഗ്‌നേഷ്യസ്, എസ് പി വെങ്കിടേഷ്, വിദ്യാസാഗർ എന്നു വേണ്ട ഇളയരാജ, എ ആർ റഹ്മാൻ എന്നിവരും എം ജി ശ്രീകുമാറിൻ്റെ നാദം തേടിയെത്തുന്ന നിലയിലേക്ക് വളർന്നു.
സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ, മറ്റു വിവിധ പുരസ്കാരങ്ങൾ എന്നിവ സംഗീത വഴികളിൽ എം ജി ശ്രീകുമാറിനുള്ള പൊൻ തൂവലുകളായി. മിനി സ്ക്രീനിൽ വിവിധ സംഗീത പരിപാടികൾ അവതരിപ്പിച്ചും മികച്ച റിയാലിറ്റി സംഗീത പരിപാടികളിലെ പ്രധാനിയായും എം ജി സംഗീതപ്രേമികളുടേയും സംഗീത വിദ്യാർത്ഥികളുടേയും മനം കവരുന്നുണ്ട്. ഇതിനൊക്കെ പുറമേ ലോകത്ത് അങ്ങോളമിങ്ങോളമുള്ള വേദികളിൽ തൻ്റെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പഴയ ഉശിരോടെയും ചടുലതയോടെയും അവതരിപ്പിക്കുമ്പോൾ കാണികളെ കൂടി അതിനൊപ്പം ചേർക്കാൻ എം ജി യ്ക്ക് ഒരു പ്രത്യേക വിരുതുണ്ട്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ, വിവിധ ഇടങ്ങളിൽ പാടി സംഗീത ലോകത്ത് നിറഞ്ഞു നിന്ന് സംഗീതപ്രേമികളെ ഇനിയുമിനിയും സന്തോഷിപ്പിക്കാൻ എം ജി ശ്രീകുമാറിന്, മലയാളത്തിൻ്റെ സ്വന്തം ശ്രീക്കുട്ടന് ആശംസകൾ