തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്ത് യുവാവിനെ ചിലർ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. മർദിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ മെഡിക്കൽ കോളജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിളപ്പിൽ ശാല സ്വദേശി അനന്ദു എന്ന യുവാവിനാണ് മർദനമേറ്റത്.
വിളിപ്പിൽ ശാലയിലെ സ്വന്തം വീടു വിട്ടിറങ്ങിയ അനന്ദു മെഡിക്കൽ കോളജ് പരിസരത്ത് ആഴ്ചകളായി ചുറ്റിത്തിരിയുകയാണെന്ന് പരിസരത്തെ കച്ചവടക്കാർ പറയുന്നു. മെഡിക്കൽ കോളജ് പരിസരത്ത് സൗജന്യമായി കിട്ടുന്ന ഭക്ഷണമാണ് ഇയാൾ കഴിച്ചിരുന്നത്. മർദന കാരണം എന്താണെന്ന് കൂടുതൽ അന്വേഷിച്ചാലെ അറിയാൻ കഴിയൂ എന്ന് പൊലിസ് അറിയിച്ചു. മെഡിക്കൽ കോളജിൻ്റെ പരിസരത്തുള്ളവർ തന്നെയാണ് മരക്കഷണങ്ങൾ കൊണ്ടും മറ്റും ഇയാളെ മർദിച്ചതെന്നാണ് വിവരം. യുവാവിനെ മർദിച്ചവരെ കണ്ടെത്തി ഉടൻ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളജ് പൊലിസ് അറിയിച്ചു.
