ഓർമയിലെ ഇന്ന്, മെയ് 23 – സി കേശവൻ

At Malayalam
2 Min Read

കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതത്തിന്റെ അപൂർവ മാതൃകകളിലൊന്നായിരുന്ന, കൈവച്ച രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയും ഒരു കാലഘട്ടത്തിന്റെ ധീരതയും മലയാള നാടിന്റെ മനസ്സാക്ഷിയുമായിരുന്നു സി കേശവൻ. ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും മാർക്സിന്റെയും സാമൂഹികദർശനവും ഡോ പൽപ്പുവിന്റെ സമരോത്മുഖതയും സ്വന്തം യുക്തിഭദ്ര ജീവിതവീക്ഷണവും ചേർന്ന ഒരസാധാരണ വ്യക്തിത്വത്തിനുടമയാണ് ചരിത്രപുരുഷനായ സി കേശവൻ. 1891 മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാടാണ് സി കേശവന്റെ ജനനം. ഒരു നിരീശ്വരവാദിയായിരുന്ന സി കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു.

സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. SNDP യുടെ ജനറൽ സെക്രട്ടറിയായി. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. “ഞാൻ സൂചിപ്പിക്കുന്നത് സർ സി പി യെയാണ്. നമുക്ക് ആ ജന്തുവിനെ വേണ്ട. ഈ മനുഷ്യൻ ഈഴവർക്കോ ക്രിസ്ത്യാനികൾക്കോ മുസ്‌ലിംകൾക്കോ ഒരു ഗുണവും ചെയ്യുകയില്ല. ഈ മാന്യൻ വന്നതിനുശേഷമാണ് തിരുവിതാംകൂറിനു ചീത്തപ്പേരു കിട്ടാൻ തുടങ്ങിയത്. ഈ മനുഷ്യൻ പുറത്തു പോകുന്നതുവരെ നന്മയൊന്നും ഈ രാജ്യത്തിനുണ്ടാകുകയില്ല’ എന്ന വിവാദപ്രസംഗം നടത്തിയതിന് 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്തു രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13-ന് കോഴഞ്ചേരി എന്ന സ്ഥലത്താണ് കേശവൻ തന്റെ വിവാദ പ്രസംഗം നടത്തിയത്.

1938-ൽ കേശവൻ, ടി എം വർഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായി നടത്തിയ പ്രക്ഷോഭത്തിനിടയിൽ പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ ഒരു വർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19ന് ജയിൽ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി 1951ൽ തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7ന് മയ്യനാട്ട് വെച്ച് അന്തരിച്ചു.

- Advertisement -

സി പി രാമസ്വാമിയുടെ ജാതി വിവേചനപരവും ജനാധിപത്യ വിരുദ്ധവുമായ ഭരണ പരിഷ്കാരങ്ങൾക്കെതിരേ പടവാളിളക്കി പൊരുതിയ നേതാവാണ് സി കേശവൻ. സ്വേച്ഛാധിപത്യത്തിനെതിരേ സന്ധിയില്ലാ സമരം നയിച്ച ജനകീയ യോദ്ധാവെന്ന നിലയിൽ ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലദ്ദേഹം വലിയ സ്ഥാനത്തിനുടമയാണ്. ജാതി വിവേചനം പോലുള്ള സാമൂഹികാസമത്വത്തെ ദേശീയതലത്തിൽത്തന്നെ പരിഗണിക്കേണ്ടതാണെന്നദ്ദേഹം വാദിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളെ പ്രാദേശികമായി പരിഗണിക്കുന്ന രീതിയെ അദ്ദേഹം നിശിതമായി ചോദ്യം ചെയ്തു.

നവോത്ഥാന മുന്നേറ്റം കേരളത്തിന് നൽകിയ വിശിഷ്ടമായ സംഭാവനയാണ് സി കേശവൻ. ഒരു തുറന്നപുസ്തകമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ജീവിതം. നിവർത്തന പ്രക്ഷോഭ നായകനും സ്വാതന്ത്ര്യസമരസേനാനിയും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന അദ്ദേഹം അചഞ്ചലനായ യുക്തിവാദിയുമായിരുന്നു. ജാതി-മത ചിന്തകൾക്കതീതൻ. മലയാളഭാഷ എക്കാലവും സ്മരിക്കാനിടയുള്ള മനോഹരമായ ഒരു സാഹിത്യസമ്മാനം അദ്ദേഹം കേരളത്തിന് നൽകി- ‘ജീവിതസമരം’. ആത്മകഥകൾ മലയാളത്തിൽ പലതുണ്ടെങ്കിലും സി കേശവന്റെ ജീവിതകഥ അതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. സത്യസന്ധതയും വെട്ടിത്തുറന്നുപറയാനുള്ള ആർജവവും യാതൊന്നും ഒളിച്ചുവെക്കാതെയുള്ള എഴുത്തും ‘ജീവിതസമര’ത്തെ വ്യത്യസ്തമാക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment