കാവടി തസ്തികയ്ക്ക് തലയ്ക്കടി ചോദ്യമിട്ട് പി എസ് സി

At Malayalam
1 Min Read

ഡോ. ഡ്രൂ വൈസ്മാനും ഡോ. കാതലിൻ കാരേക്കോവിനും നൊബേൽ സമ്മാനം കൊടുത്തത് എന്തിനാണ് ? യു എ ഇ യിൽ നടന്ന സി ഒ പി 28 ഉച്ചകോടിയുടെ വിഷയമെന്തായിരുന്നു ? ഇന്ത്യ, ബ്രിട്ടൺ , കെനിയ എന്നീ രാജ്യങ്ങളുടെ പൊതുവായ പ്രത്യേകതകൾ എന്തൊക്കെയാണ് ?

ചോദ്യങ്ങൾ കേട്ടിട്ട് സിവിൽ സർവീസ് പരീക്ഷയാണന്ന് കരുതിയോ ? ഏയ് , തെറ്റി. എങ്കിൽ പൈലറ്റ് പരീക്ഷയെങ്കിലുമായിരിക്കും! . ഇപ്പൊ ഏകദേശം ശരിയായി. പക്ഷേ, ഈ പൈലറ്റ് വിമാനം നിയന്ത്രിക്കേണ്ട. പിന്നെന്ത് പൈലറ്റ് ജോലി എന്നു ചോദിച്ചാൽ ആനയെ നിയന്ത്രിയ്ക്കണം, വെറും ആനയല്ല വനം വകുപ്പിൻ്റെ ആനകളെ. അതെ സുഹൃത്തുക്കളെ അതെ, പാപ്പാൻ പണിയ്ക്ക് നമ്മുടെ പബ്ളിക് സർവീസ് കമ്മിഷൻ തയ്യാറാക്കിയ 100 ചോദ്യങ്ങളിൽ ഒന്ന് രണ്ടെണ്ണം സാമ്പിളായി ഇവിടെ ചേർത്തതാണ്.

വനം വകുപ്പിൻ്റെ പാപ്പാൻ ജോലിക്ക് ആവശ്യമുള്ള യോഗ്യതകൾ എന്താണെന്ന് അറിയണ്ടേ ?. ഏഴാം ക്ലാസുവരെ പഠിച്ചിരിക്കണം. ആനയെ പരിപാലിച്ചിരുന്നതിൻ്റെ മുൻപരിചയവും വേണം. പക്ഷേ, ദോഷം പറയരുതല്ലോ ആനയുമായോ പാപ്പാനുമായോ യാതൊരു ബന്ധവും ചോദ്യങ്ങൾക്കുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ചോദ്യ പേപ്പർ കയ്യിൽ കിട്ടിയ പപ്പാൻ ഉദ്യോഗാർത്ഥികൾ, കയ്യിൽ നിന്ന് ആനയെ നിയന്ത്രിക്കുന്ന വടി ഊർന്നു പോയവരെപ്പോലെയായി എന്നാണ് വിവരം.

വനം വകുപ്പിൻ്റെ വയനാട്, എറണാകുളം ജില്ലകളിലെ താവളങ്ങളിലേക്കാണ് പാപ്പാൻമാരെ നിയമിക്കാനുള്ളത്. കാവടി എന്നാണ് തസ്തികയുടെ പേര്. കാവടി തസ്തികയ്ക്ക് പി എസ് സി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ട്രോളോട് ട്രോളാണ്. പക്ഷേ ഇക്കാര്യത്തിൽ പി എസ് സി യുടെ വിശദീകരണം കൂടി നമുക്ക് മനസിലാക്കാം.

- Advertisement -

ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കൊപ്പമുള്ള പൊതുവായ പരീക്ഷയായാണ് ഇതും കണക്കാക്കുന്നത്. അതിനാൽ അത്തരത്തിലുള്ള ചോദ്യങ്ങൾ വന്നത് സ്വാഭാവികം. പൊതു പരീക്ഷയ്ക്കു ശേഷം പ്രായോഗിക പരീക്ഷയമുണ്ട്. മൂന്നു മാസം മുമ്പു തന്നെ പാഠ്യ പദ്ധതി പ്രസിദ്ധീകരിച്ചിരുന്നു. അന്നൊന്നുമില്ലാത്ത പരാതി ഇപ്പോളെന്തിനാണ്? – പി എസ് സി അവരുടെ നയം വ്യക്തമാക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment