പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ലോക്സഭയിലേക്കു മത്സരിയ്ക്കുന്ന എല്ലാ സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ അതിനൊപ്പം തങ്ങളുടെ സ്വത്തു വിവര കണക്കും പ്രതിവർഷ വരുമാനവുമൊക്കെ സമർപ്പിക്കാറുണ്ട്. ഇത്തവണയും എല്ലാ സ്ഥാനാർത്ഥികളും ഇതൊക്കെ സമർപ്പിച്ചിട്ടുണ്ട്. ശത കോടീശ്വരൻമാർ മുതൽ കാലി ചായ കുടിയ്ക്കാൻ നിവൃത്തിയില്ലാത്തവർ വരെ ഉൾപ്പെടുന്നതാണ് നമ്മുടെ സ്ഥാനാർത്ഥികൾ എന്ന് പട്ടിക പരിശോധിച്ചാൽ അറിയാം.
ഈ അവസരത്തിൽ രാഷ്ട്രപതി മുതൽ താഴേയ്ക്ക് രാജ്യത്തെ പ്രധാന സ്ഥാനങ്ങളിൽ പ്രവർത്തിയ്ക്കുന്നവരുടെ ശമ്പളം അറിയുന്നത് രസകരമായിരിക്കും.
രാഷ്ട്രപതിയ്ക്ക് അഞ്ചു ലക്ഷം രൂപ പ്രതിമാസ ശമ്പളമായി കിട്ടുമ്പോൾ ഉപരാഷ്ട്രപതിയ്ക്ക് നാലുലക്ഷം കിട്ടും. പ്രധാനമന്ത്രിയ്ക്കാകട്ടെ ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് പ്രതിമാസ ശമ്പളം. പ്രതിദിന അലവൻസായി രണ്ടായിരം രൂപയും പാർലമെൻ്റംഗങ്ങൾക്കുള്ള അലവൻസായ നാല്പത്തിഅയ്യായിരവും പാർലമെൻ്റ് അംഗങ്ങളുടെ തന്നെ എക്സ്പെൻസ് അലവൻസായ മൂവായിരവും കൂടി കിട്ടും. സുപ്രിം കോടതി ചീഫ് ജസ്റ്റിസിനാകട്ടെ മാസ ശമ്പളമായി രണ്ടു ലക്ഷത്തി എൺപതിനായിരം രൂപയും ലഭിക്കും. ഇതിനു പുറമേ മറ്റ് ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ എന്നിവ ഇവർക്കെല്ലാം പദവിയനുസരിച്ച് നൽകുകയും ചെയ്യും.
സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ ശമ്പളവും ആനുകൂല്യങ്ങളുമാണ് നിലവിലുള്ളത്. സംസ്ഥാന മുഖ്യമന്ത്രിമാർക്ക് പക്ഷേ ഒരേ ശമ്പളമല്ല ലഭിക്കുന്നത്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത തുകയാണ് ശമ്പളമായി നൽകുന്നത്. മൂന്നു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ ഉത്തർപ്രദേശ് മുഖ്യമന്ത്രി ശമ്പളമായി എടുക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയ്ക്കു ലഭിയ്ക്കുന്നത് ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപയാണ്. ഡെൽഹിയിലെ മുഖ്യമന്ത്രിയ്ക്ക് മൂന്നു ലക്ഷത്തി ഒമ്പതിനായിരം രൂപ ശമ്പളം കിട്ടുമ്പോൾ തെലങ്കാന മുഖ്യമന്ത്രിയ്ക്ക് നാലു ലക്ഷത്തി ആയിരം രൂപയാണ് ലഭിയ്ക്കുക.
പാർലമെൻ്റ് അംഗങ്ങളായും മറ്റ് ഉന്നത പദവികളിലിരുന്നും വിരമിയ്ക്കുന്നവർക്ക് പെൻഷൻ, താമസസൗകര്യം, വാഹനങ്ങൾ അടക്കമുള്ള മറ്റു സൗകര്യങ്ങൾ എന്നിവ പദവി അനുസരിച്ച് ലഭിയ്ക്കും
