വിമാന ജീവനക്കാരോടും മറ്റു യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽ നിന്ന് താഴെ കടലിലേക്ക് ചാടുമെന്ന് വിളിച്ചു പറയുകയും ചെയ്ത യാത്രികൻ അറസ്റ്റിലായി. ദുബായ്-മംഗളുരു എയർ ഇന്ത്യ എക്സ്പ്രസിലാണ് കണ്ണൂർ സ്വദേശിയായ മുഹമ്മദ് എന്ന യാത്രക്കാരൻ ബഹളം വച്ചത്.
വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ മുഹമ്മദ് പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി.ശുചിമുറിയിൽ കയറി പുറത്തിറങ്ങിയ ഇയാൾ കൃഷ്ണ എന്ന പേരിൽ യാത്രക്കാരനുണ്ടോ എന്ന് അന്വേഷിച്ച് വിമാന ജീവനക്കാരുടെ സമീപത്തെത്തി. പിന്നെ വിമാന ജീവനക്കാരെയും മറ്റു യാത്രക്കാരേയും നിരന്തരം ശല്യപ്പെടുത്താനും തുടങ്ങി. വിമാനത്തിൽ നിന്ന് താഴെ കടലിൽ ചാടുമെന്നായി പിന്നീടത്തെ ഭീഷണി.
ജീവനക്കാരും യാത്രക്കാരും ഒരു വിധത്തിൽ ഇയാളെ സമാധാനപ്പെടുത്തി മംഗളുരുവിൽ എത്തിക്കുകയായിരുന്നു. വിമാനം ലാൻ്റു ചെയ്ത ഉടനേ സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിടി കൂടി പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു.
