ഗവർണറുടെ അടുത്തു പോകുന്നതും ഇരിക്കുന്നതും പാപമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതാണ് താൻ രാജ്ഭവനിൽ പോകാത്തതെന്നും വേണമെങ്കിൽ ഗവർണറെ തെരുവിൽ കാണാമെന്നും മമത പറഞ്ഞു . ഗവർണർ സി വി ആനന്ദ ബോസിനെതിരെ രാജ്ഭവൻ ജീവനക്കാരി നൽകിയ പീഡന ആരോപണ പരാതിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ രാജ്ഭവൻ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു . ഈ ദൃശ്യങ്ങൾ എഡിറ്റു ചെയ്തതാണന്നും പരാതിക്കിടയായ ദിവസത്തെ മുഴുവൻ ദൃശ്യങ്ങളും തൻ്റെ കയ്യിലുണ്ടന്നും ഇതിൻ്റെ പെൻഡ്രൈവും താൻ സൂക്ഷിച്ചിട്ടുണ്ടന്നും മമത പറഞ്ഞു. ഇത്രയൊക്കെ ആയിട്ടും ഗവർണർ രാജിവയ്ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
ആനന്ദ ബോസിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഗവർണറും സർക്കാരും തമ്മിൽ കോർക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി . തനിക്കെതിരെ ഉയർന്ന പരാതിയിൽ കഴമ്പില്ലെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അതിൻ്റെ പിന്നിലെന്നുമാണ് സി വി ആനന്ദബോസിൻ്റെ നിലപാട്.