ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകളാൽ ഏറെ ശ്രദ്ധേയനാണ് വൈലോപ്പിള്ളി ശ്രീധരമേനോന് . എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന് കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11 നായിരുന്നു ജനനം.
സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം 1931 ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു . 1966 ല്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്.
മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍കൊണ്ട് സ്പര്‍ശിച്ച കവിയാണ് വൈലോപ്പിള്ളി . എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകള്‍ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്കിയ വൈലോപ്പിള്ളി , കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട് എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്ക്കുന്നു.

മാമ്പൂവിന്റെ മണവുമായെത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ ഓര്‍മ്മകളിലേക്ക് സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട് . വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്ര ദുഃഖം , ഒരു പക്ഷേ , ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക് തിരിച്ചുപോയ പുത്രന്മാരുടെയും ജനപതങ്ങളുടെയും ഖേദമുണര്‍ത്തുന്നു .1985 ഡിസംബര്‍ 22 ന് അദ്ദേഹം അന്തരിച്ചു.
