പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാള സിനിമയിൽ ജീവിതഗന്ധിയും തന്മയത്തമുള്ളതുമായ തിരക്കഥകൾ സംഭാവന ചെയ്ത തിരക്കഥാകൃത്ത് , സംവിധായകൻ , ഗാനരചയിതാവ് , നിർമ്മാതാവ് , നാടകകൃത്ത് , ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് . 1955 മേയ് 10 ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു . എം ടിയും പത്മരാജനും ജോൺപോളും ടി ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് നാടകരംഗത്തു നിന്നും ലോഹിതദാസ് സിനിമയിലേക്ക് എത്തുന്നത് . ഒരു തിരക്കഥ എഴുതാൻ ഏറെ കൊതിച്ചിരുന്നു അദ്ദേഹം . പല തവണ അവസരങ്ങൾ അടുത്തെത്തിയെങ്കിലും അതുപോലെ അകന്നു പോയി . 1987 ൽ ‘തനിയാവർത്തന’ത്തിലൂടെ ലോഹിയുടെ ആദ്യ തിരക്കഥ സിനിമയായി . ”എല്ലാരും പറയ്യ്യാ മാഷേ.. മാഷ്ക്ക് ഭ്രാന്താന്ന്” ക്ലാസ്സ് മുറിയിൽ വച്ച് ഒരു പെൺകുട്ടി ബാലൻമാഷോട് ഇങ്ങനെ പറയുമ്പോൾ കാണികൾ നെഞ്ചുരുകി വീർപ്പടക്കിയാണ് ആ രംഗം കണ്ടു തീർത്തത് . തറവാട്ടിലെ ഭ്രാന്തിന്റെ പാരമ്പര്യത്തിലേക്ക് ഒരു കണ്ണി കൂടി ചേരുകയായിരുന്നു അവിടെ . മലയാള സിനിമ പുതിയ ഊർജം നേടുകയായിരുന്നു ലോഹിയുടെ ആ ചിത്രത്തിലൂടെ. പൈങ്കിളി സിനിമകളിൽ നിരന്തരമായി അഭിനയിച്ച് താരപദവി പോലും ചോദ്യം ചെയ്യപ്പെട്ട സമയത്ത് മമ്മൂട്ടി എന്ന നടൻ വീണ്ടും ഉയരങ്ങളിലേക്ക് കുതിച്ചത് ‘തനിയാവർത്തന’ത്തിലൂടെയായിരുന്നു.
മൃഗയയിലെ വാറുണ്ണി , മഹായാനത്തിലെ ചന്ദ്രു , അമരത്തിലെ അച്ചൂട്ടി , വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ (മമ്മൂട്ടി) , ദശരഥത്തിലെ രാജീവ്മേനോൻ , കിരീടത്തിലെ സേതുമാധവൻ , ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹൻലാൽ) . നായക കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ താരസിംഹാസനങ്ങൾ ഉറപ്പിച്ചു . വെറും താരങ്ങൾ മാത്രമല്ല , നല്ല നടന്മാർ കൂടിയാണ് ഇവരെന്ന് വാഴ്ത്തപ്പെടാനും ഈ ചിത്രങ്ങൾ സഹായിച്ചു . തുടർന്ന്
എഴുതാപ്പുറങ്ങൾ , ആധാരം , മുക്തി , സസ്നേഹം , കുടുംബ പുരാണം , മാലയോഗം , മുദ്ര , ജാതകം , ധനം , കമലദളം , കൗരവർ , കിരീടം ,ചെങ്കോൽ , തൂവൽക്കൊട്ടാരം , സല്ലാപം…. ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു . എഴുതുന്നതെല്ലാം ഹിറ്റായി മാറി . വെറും 20 വർഷങ്ങൾ . അതിൽ തന്നെ തിരക്കഥാകൃത്തെന്ന നിലയിൽ സജീവമായിരുന്നത് 12 വർഷം മാത്രം . മസാലക്കൂട്ടുകൊണ്ട് സൂത്രത്തിൽ വിജയം നേടിയതല്ല ലോഹിയുടെ സിനിമകൾ . കാമ്പുള്ള കഥകൾ , നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദർഭങ്ങൾ. വികാരതീവ്രമായ മുഹൂർത്തങ്ങൾ , നമ്മുടെ പരിസരങ്ങളിൽ കണ്ട കഥാപാത്രങ്ങൾ , പരിചിതമായ സംഭാഷണങ്ങൾ , ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം . വികാരതീവ്രമായ മുഹൂർത്തം എഴുതുന്ന അതേ മികവിൽ ഹാസ്യരംഗവും ലോഹി എഴുതി ഫലിപ്പിച്ചു . വെറുതെ ചിരിച്ചുതള്ളാവുന്ന ഹാസ്യമല്ല ലോഹി എഴുതിയത് . സല്ലാപത്തിലെ ആശാരിപ്പണിക്കാരെ ലോഹി ചിത്രീകരിച്ചപ്പോൾ പ്രേക്ഷകർ ചിരിച്ചു . പക്ഷെ നമ്മൾ കണ്ടിട്ടുള്ള ആശാരിമാരെല്ലാം ഇങ്ങനെയാണെന്ന് തിരിച്ചറിയുമ്പോഴാണ് ചിരി വ്യത്യസ്തമാവുന്നത്. ലോഹിയുടെ കഥാപാത്രങ്ങൾ സംസാരിച്ചത് സാഹിത്യഭാഷയിലല്ല , നമ്മൾ കേട്ടുo പറഞ്ഞും ശീലിച്ച ഭാഷയിലാണ്.

അന്നേവരെ പടിക്കു പുറത്തു നിർത്തിയ എല്ലാ ജനവിഭാഗങ്ങളെയും മലയാളസിനിമക്കകത്തേക്ക് കൊണ്ടുവന്നത് ലോഹിതദാസാണ്. ദുർഗുണപരിഹാരപാഠശാലയിലെ കുട്ടികൾ (മുദ്ര) , അപരിഷ്കൃതനായ വേട്ടക്കാരൻ ( മൃഗയ) , കടലിനോട് മല്ലിട്ട് ജീവിക്കുന്ന മുക്കുവർ (അമരം) , മൂശാരിമാർ (വെങ്കലം) , ആശാരിമാർ (സല്ലാപം) , അലക്കുകാർ (വീണ്ടും ചില വീട്ടുകാര്യങ്ങൾ) , സർക്കസ് കോമാളികൾ (ജോക്കർ) , വേശ്യകൾ (സൂത്രധാരൻ)- അവർക്കെല്ലാം ലോഹി ഇടംകൊടുത്തു . വള്ളുവനാടൻ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു ലോഹിതദാസിന്. സല്ലാപത്തിലും വാത്സല്യത്തിലും തൂവൽക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണ് ഉള്ളത് . ആധാരം എന്ന ചിത്രത്തിൽ ചെറിയ കഥാപാത്രത്തെയാണ് അബൂബക്കർ എന്ന നടൻ അവതരിപ്പിച്ചത് . ”പരദൂഷണം പറയുക എന്ന ശീലം എനിക്കില്ല” എന്നു പറഞ്ഞാണ് അയാൾ പരദൂഷണം തുടങ്ങുക . വലിയ തറവാട്ടുകാരോട് സംസാരിക്കുമ്പോൾ ‘നമ്മൾ തറവാടികൾ’ എന്ന് സംബോധന ചെയ്യും അയാൾ . ഇത്തരം കഥാപാത്രത്തെ നമ്മൾ ഓർക്കുന്നത് അവരുടെ സ്വഭാവ സവിശേഷത കൊണ്ടാണ് . വീണ്ടും ചില വീട്ടുകാര്യങ്ങളിൽ പപ്പു അവതരിപ്പിക്കുന്ന വർക് ഷാപ്പുകാരൻ കുഞ്ഞിരാമനാശാൻ . ഒന്നോ രണ്ടോ രംഗങ്ങളിലേ എത്തുന്നുള്ളൂ ഇയാൾ . ജയറാമിനെ ശകാരിക്കുന്ന രംഗത്ത് പപ്പു പറയുന്നു- ”തന്തേം തള്ളേം നയിച്ചുണ്ടാക്കീത് തിന്നിട്ട് എല്ലിന്റുള്ളിൽ കുത്ത്യപ്പോ…. ഓന്റൊരവസ്ഥ . നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കൂലടോ”. എന്നാണ് . ഇതിലൂടെ ആ കഥാപാത്രത്തിന്റെ ജീവിതവീക്ഷണം നമ്മൾ മനസ്സിലാക്കുന്നത് . സല്ലാപത്തിലെ ഒടുവിലിന്റെ കഥാപാത്രം അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ‘പെണ്ണുങ്ങളെവിടെയുണ്ടോ അവിടെയുണ്ടാവും നമ്മുടെ പ്രസിഡന്റ് എന്ന് ഇയാളെ കുറിച്ച് മറ്റൊരു കഥാപാത്രം പറയുന്നതിൽ നിന്നു തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവം പിടികിട്ടും . ഒടുവിൽ അവതരിപ്പിച്ച മാലയോഗത്തിലെ കലികാലം പരമു നായർ ചായക്കടക്കാരനാണെങ്കിലും വേദാന്തിയാണ്. കിരീടത്തിലെ ജഗതിയുടെ കഥാപാത്രം ഏതു ജോലിക്കു പോയാലും അവിടെ നിൽപ്പുറക്കാത്തയാളാണ്. വിദ്യാഭ്യാസം തീരെ കുറവാണെങ്കിലും ‘ആ ജോലിയൊന്നും നമുക്കു പറ്റിയതല്ലെ’ന്ന് കരുതുന്ന ഉഴപ്പനാണ് അയാൾ . ഏതു ചെറിയ കഥാപാത്രവും ലോഹി എഴുതുമ്പോൾ അതിന് എന്നെന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വമുണ്ടാവുന്നു എന്നതിന് ഇനിയും ഉദാഹരണങ്ങൾ ഏറെയുണ്ട്.
സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ലോഹി സൂക്ഷ്മമായി കാണാൻ ശ്രമിച്ചിരുന്നു . വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അലക്കുകാരുടെ വീട്ടിലെ വഴക്കും ബഹളവും വെങ്കലത്തിൽ മൂശാരിമാരുടെ വീട്ടിൽ പെണ്ണുങ്ങൾ പുറം തിരിഞ്ഞിരുന്ന് സംസാരിക്കുന്നതുമെല്ലാം ആ ജനവിഭാഗത്തെ സൂക്ഷ്മമായി കണ്ട ഒരാൾക്കേ ഇത്ര മനോഹരമായി ഫലിപ്പിക്കാൻ കഴിയൂ . സിനിമക്ക് വേണ്ടി ജീവിച്ചയാൾ ആയിരുന്നില്ല ലോഹിതദാസ് . സിനിമക്കു വേണ്ടി ജനിച്ചയാളായിരുന്നു . തിരക്കഥാകൃത്തായി തിളങ്ങി നിൽക്കുമ്പോഴാണ് 1997 ൽ ഭൂതക്കണ്ണാടിയിലൂടെ സംവിധായകനായത് . പിന്നീട് കാരുണ്യം , കന്മദം , സൂത്രധാരൻ , അരയന്നങ്ങളുടെ വീട് , ജോക്കർ , ചക്കരമുത്ത് , നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

1999 ൽ സത്യൻ അന്തിക്കാടിനു വേണ്ടി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. 2007 ൽ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഇതിനിടെ കസ്തൂരിമാൻ തമിഴിലെടുത്തതോടെ ബാധ്യത കുന്നുകൂടി . കടം പെരുകിപ്പെരുകിവന്നു . എന്നാൽ , വീണ്ടും തിരക്കഥാരംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോഹിതദാസ് . തന്റെ രചനയിൽ നിന്ന് ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സിബി മലയിലുമായി ചേർന്ന് ഒരു ചിത്രത്തിന്റെ ആലോചനകളിലാണെന്ന് അവസാനകാലത്ത് പറയുകയും ചെയ്തു . പക്ഷെ , തന്റെ നായകന്മാരെ പോലെ സ്വപ്നങ്ങളുടെ മൂർധന്യത്തിൽ തേടിയെത്തുന്ന ദുരന്തം ലോഹിയെയും പിടികൂടി . നിർദയം പെരുമാറിയ വിധിയിൽ നിന്ന് രക്ഷപ്പെടാനാവാതെ
2009 ജൂൺ 28 ന് ആ കഥാകാരൻ വിടവാങ്ങി.
ലോഹിതദാസിന്റെ അകാലനിര്യാണം മൂലം അദ്ദേഹത്തിന്റെ രണ്ട് ചലച്ചിത്രങ്ങൾ പൂർത്തിയാകാതെ പോയി . താൻ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട് സിബി മലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മർ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയിൽ അവസാനിച്ചത്.
