മദ്യലഹരിയിൽ യുവാവ് , ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതിയെ മുടിയിൽ പിടിച്ച് വലിച്ച് നിലത്തിട്ടു. തുടർന്ന് വാഹനത്തിൻ്റെ താക്കോൽ ഇയാൾ കൈക്കലാക്കുകയും യുവതിയെ മർദിക്കുകയും ചെയ്തു . കണ്ടു നിന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത് . പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രംഗങ്ങൾ നടന്നത്.
മദ്യപിച്ചു ലക്കുകെട്ട ജോജോ എന്ന യുവാവ് ഇരുചക്രവാഹനത്തിൽ തിരുവല്ല പൊലിസ് സ്റ്റേഷനിൽ ചെന്ന് പൊലിസുകാരോട് തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു . പൊലിസുകാർ ഇയാളുടെ ഇരുചക്ര വാഹനം സ്റ്റേഷനിൽ പിടിച്ചു വച്ചിട്ട് ഇയാളെ പറഞ്ഞു പുറത്തുവിട്ടു . പുറത്തെ റോഡിലെത്തിയ ജോജോയാണ് അക്രമം നടത്തിയത്. യുവതിക്ക് സാരമായ പരിക്കില്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ജോജോയെ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ യുവതിയുടെ ബന്ധുക്കൾ അയാളെ മർദിച്ചു . പൊലിസ് ഇടപെട്ട് ഇയാളെ തിരികെ സ്റ്റേഷനിൽ കൊണ്ടുപോയി.
