ഊട്ടി പാതയിലുണ്ടാകുന്ന ഗതാഗത കുരുക്കിനു പരിഹാരമായി ഇ-പാസ് ഇന്നുമുതൽ നടപ്പിൽ വന്നു . ഊട്ടി , കൊടൈക്കനാൽ വിനോദ സഞ്ചാരികൾ മണിക്കൂറുകളാണ് മലയോര വഴികളിൽ ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുന്നത് . ഇതിനു പരിഹാരമായി epass.tnega.org എന്ന സൈറ്റിൽ കയറി ഇനി സഞ്ചാരികൾക്ക് ഇ-പാസ് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിനോദസഞ്ചാരികളുടെ വാഹനങ്ങൾ മാത്രമല്ല മറ്റു ചരക്കു വാഹനങ്ങൾക്കും ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട് . ദിനം പ്രതി ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങൾ ഓടുന്ന റൂട്ടിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് ഇ-പാസ് നിർബന്ധമാക്കിയത്. മെയ് ഏഴു മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ നിർബന്ധമായും ഇ-പാസ് നൽകാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പാടാക്കാൻ അതത് ജില്ലാ കളക്ടർമാർക്ക് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ബന്ധപ്പെട്ട ഡ്രൈവർമാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ ക്യു ആർ കോഡ് ലഭിക്കും . പ്രവേശന സമയത്ത് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മുന്നോട്ടു പോകാം . തങ്ങളുടെ വിലാസം , ഫോൺ നമ്പർ , അവിടെ തങ്ങുന്ന സമയം , വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കണം . യാത്രക്കാർക്കെല്ലാം ഇ – പാസ് ആവശ്യമില്ല . ഒരു വാഹനത്തിന് ഒരു പാസ് മതി. ഒരു തവണ ഇത്തരത്തിൽ പാസിൻ്റെ അടിസ്ഥാനത്തിൽ യാത്ര പൂർത്തിയാക്കിയ വാഹനം മറ്റൊരു യാത്രയ്ക്കു തയ്യാറെടുക്കുന്നതിനു മുമ്പായി അടുത്ത ഇ-പാസിന് അപേക്ഷിക്കണം.
വിദേശികളാണെങ്കിൽ അവരുടെ ഇ-മെയിൽ വഴി ഇ-പാസിന് രജിസ്റ്റർ ചെയ്യാവുന്നതാണ് . സർക്കാർ ബസുകൾ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്ക് ഇ-പാസ് നിർബന്ധമല്ല.
