നവകേരള ബസിൻ്റെ പേരിൽ മാറ്റം വരുത്തി ഗരുഡ പ്രീമിയം സർവീസ് എന്നാക്കിയെങ്കിലും ബസിനെ സംബന്ധിച്ച വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടവേളയില്ല . ചില മാധ്യമങ്ങളാകട്ടെ ക്യാമറയും പേനയുമായി ഇപ്പോഴും ബസിനൊപ്പം തന്നെയുണ്ട്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഒരുമിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമെത്തിയ നവ കേരള ബസ് കോഴിക്കോട് – ബംഗളുരു റൂട്ടിൽ ഓടാൻ തുടങ്ങിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആദ്യ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്കിംഗ് തുടങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ വിറ്റു തീർന്നിരുന്നു. ബസിൻ്റെ ഓരോ ചലനങ്ങളും യാത്രക്കാരുടെ അഭിപ്രായങ്ങളുമൊക്കെ അപ്പപ്പോൾ ദൃശ്യമാധ്യമങ്ങൾ മത്സരിച്ച് പകർത്തുകയും ചെയ്തിരുന്നു.
കന്നിയാത്രയിൽ കോഴിക്കോടു നിന്ന് യാത്ര തിരിച്ച ബസിൻ്റെ ഡോറിനു എന്തോ കേടുപാട് സംഭവിച്ചു വെന്നും ഡോർ തനിയേ തുറന്ന് ശക്തമായി കാറ്റ് ബസിനുള്ളിലേയ്ക്ക് അടിച്ചു കയറാൻ തുടങ്ങിയെന്നും വാർത്ത വന്നു . ഒടുവിൽ യാത്രക്കാരുടെ സഹായത്തോടെ ബാഗിൻ്റെ വള്ളി കൊണ്ട് ഡോറ് കെട്ടിവച്ചാണ് യാത്ര തുടർന്നതെന്നും വാർത്ത കണ്ടു.

എന്നാൽ ഇത്തരം വാർത്തകളിൽ സത്യത്തിൻ്റെ കണിക പോലുമില്ലെന്നാണ് കെ എസ് ആർ ടി സി പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നത് . ബസിൻ്റെ ഡോറു തുറക്കാൻ കഴിയുന്ന എമർജൻസി സ്വിച്ചിൽ യാത്രക്കാരിലൊരാൾ അബദ്ധത്തിൽ വിരലമർത്തി. അതോടെ ഓട്ടോ മാറ്റിക് മോഡിൽ നിന്നും അത് മാന്വൽ മോഡിലേക്കു മാറി . തിരികെ ഓട്ടോമാറ്റിക് മോഡിലേക്കു കൊണ്ടുവരാൻ ബസ് ജീവനക്കാർക്ക് കഴിഞ്ഞില്ല. തുടർന്ന് തൊട്ടടുത്ത ഡിപ്പോയായ സുൽത്താൻ ബത്തേരിയിൽ ബസ് കയറ്റി ഓട്ടോമാറ്റിക് മോഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കുകയും ചെയ്തു – ഇതാണ് കെ എസ് ആർ ടി സി യുടെ വിശദീകരണം.
ഡോർ സംബന്ധമായി ബസിനു യാതൊരു തകരാറുമില്ലെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിയന്തരഘട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ടുന്ന സ്വിച്ച് അറിയാതെ അമർത്തിയതാണ് പ്രശ്നമായത് എന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
ബസിൻ്റെ ടിക്കറ്റു ബുക്കിംഗ് പതുടങ്ങിയാൽ അതിവേഗം വിറ്റുപോകുന്നുണ്ട് . മാത്രവുമല്ല , ബസിൽ മുഖ്യമന്ത്രി യാത്ര ചെയ്ത സീറ്റിലിരിക്കാൻ യാത്രക്കാർക്ക് വലിയ ആവേശവുമാണെന്ന് ജീവനക്കാർ പറയുന്നു . അത്യാവശ്യ ആധുനിക സൗകര്യങ്ങളോടുകൂടിയ ബസിൽ 26 പുഷ്ബാക് സീറ്റുകളാണുള്ളത് . സുഖകരവും സുരക്ഷിതവുമായ യാത്രയാണ് ഗരുഡ പ്രീമിയം ബസിലുള്ളതെന്ന് യാത്ര ചെയ്തവർ പറയുന്നു.