‘താൻ കൊല്ലംകാരൻ , കൊല്ലംകാരെ വീഴ്ത്താൻ എളുപ്പമല്ല’
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെയുണ്ടായ ലൈംഗികാതിക്രമ കേസിൽ കർശന നിലപാടുകളുമായി ബോസ് . തന്നെ ലൈംഗികാരോപണത്തിൽ കുരുക്കി വലിച്ചു താഴെയിടാൻ ചിലർ ശ്രമിക്കുകയാണെന്നും അത് നടപ്പില്ലെന്നും ബോസ് പറയുന്നു . താൻ കൊല്ലം ജില്ലക്കാരനാണെന്നും കൊല്ലംകാരെ അങ്ങനെയൊന്നും വീഴ്ത്താനാവില്ലെന്നും ആനന്ദബോസ് പറഞ്ഞു.
തനിക്കെതിരെയുള്ള പൊലിസ് അന്വേഷണത്തോട് രാജ്ഭവനിലെ ജീവനക്കാർ സഹകരിക്കരുതെന്ന് ആനന്ദ ബോസ് കർശന നിർദേശം നൽകിയിരിക്കുകയാണ്. ഭരണഘടനയിലെ അനുച്ഛേദം 361ൻ്റെ നിയമ പരിരക്ഷ രാഷ്ട്രപതി , ഗവർണർ എന്നിവർക്കുണ്ട് . അത് മുൻനിർത്തിയാണ് ബോസ് തൻ്റെ ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത് . ബംഗാൾ പൊലിസ് , രാജ്ഭവനിലെ നാലു ജീവനക്കാരോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. രാജ് ഭവനിലെ മൂന്നു ജീവനക്കാർ , ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥൻ എന്നിവർക്കാണ് സമൻസ് ലഭിച്ചിരുന്നത് . എന്നാൽ ഗവർണറുടെ നിർദേശം പാലിച്ച് ഇവർ ഹാജരായില്ല. പൊലിസ് ഉദ്യോഗസ്ഥൻ മാത്രം തെളിവെടുപ്പിനു ഹാജരായി.

കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനിടെ രാജ് ഭവനിലെ മൂന്നു പേരും ഹാജരായേ മതിയാകൂ എന്നു കാണിച്ച് വീണ്ടും പൊലിസ് സമൻസ് നൽകിയിരിക്കയാണ്. രാജ്ഭവനിലെ ഒരു പൊലിസ് ഉദ്യോഗസ്ഥയാണ് ഗവർണർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരിക്കുന്നത് . ഔദ്യോഗികാവശ്യത്തിന് രാവിലെ ഓഫിസിലെത്തിയപ്പോഴാണ് തന്നെ ഗവർണർ ലൈംഗികാഭിമുഖ്യത്തോടെ കടന്നു പിടിച്ചതെന്ന് പരാതിയിൽ പറയുന്നു . ഇതാദ്യമായല്ലന്നും നേരത്തേയും രണ്ടു തവണ ഇത്തരത്തിൽ തന്നോട് പെരുമാറിയിട്ടുണ്ടന്നും പരാതിക്കാരി ആരോപിക്കുന്നു.
തനിക്കെതിരെ വമ്പൻ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അതിനു പിന്നിൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടന്നുമാണ് ആനന്ദ ബോസിൻ്റെ നിലപാട്. സത്യവും നീതിയും വിട്ട് അക്രമത്തിൻ്റെയും അഴിമതിയുടേയും ആളുകളോട് താൻ സന്ധിചെയ്യില്ലന്നുമാണ് തുടക്കം മുതലേ ആനന്ദ ബോസിൻ്റെ നിലപാട്.
