വരുന്ന തീർത്ഥാടന കാലത്ത് ശബരിമലയിൽ സ്പോട് ബുക്കിംഗ് ഉണ്ടാകില്ല . ഓൺലൈനായി ബുക്കുചെയ്ത് വരുന്നവരുടെ എണ്ണം ഒരു ദിവസം എൺപതിനായരമാക്കി നിലനിർത്തും . തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ , ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. മണ്ഡലകാലത്ത് ഭക്തർ സുഗമമായി ദർശനം നടത്തി പോകുന്നതിനുള്ള വിവിധ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു . മണ്ഡല – മകര വിളക്കു തീർത്ഥാടനം ആരംഭിക്കുന്നതിനു തൊണ്ണൂറു ദിവസം മുമ്പു മുതൽ വെർച്വൽ ക്യൂ ബുക്കിംഗ് നടത്താവുന്നതാണ്.
സ്പോട് ബുക്കിംഗിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ സാധിക്കാതിരുന്നതിനാൽ കഴിഞ്ഞ തീർത്ഥാടന കാലം ഭക്തർക്കും ബോർഡിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു . പൊലിസിനും ബോർഡിനും ഇതിൻ്റെ പേരിൽ ഏറെ വിമർശനങ്ങളും കേൾക്കേണ്ടി വന്നു . ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പുതിയ തീരുമാനം വഴി സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഓൺലൈൻ ബുക്കിംഗ് ദിനംപ്രതി 80,000 എന്നു തീരുമാനിച്ചത് മണ്ഡല – മകരവിളക്കു കാലത്ത് വർധിപ്പിക്കണോ എന്ന കാര്യത്തിൽ പിന്നീട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാനും യോഗം നിശ്ചയിച്ചു.
