ഓർമയിലെ ഇന്ന് : മെയ് -02 : സത്യജിത് റേ

At Malayalam
2 Min Read
Ormayile inn May -02 Satyajit Ray

ഇന്ത്യൻ സിനിമ കണ്ട പ്രതിഭാധനനായ ചലച്ചിത്ര സംവിധായകനായിരുന്ന സത്യജിത്ത് റേ , സംഗീത സംവിധായകൻ , എഴുത്തുകാരൻ , ചിത്രകാരൻ തുടങ്ങിയ മേഖലകളിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു. ചലച്ചിത്രങ്ങൾ , ഡോക്യുമെന്ററികൾ , ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവ അടക്കം 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു . ആദ്യചിത്രമായ പഥേർ പഞ്ജലിയ്ക്ക് (1955) കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരം ഉൾപ്പെടെ 11 അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചു . പഥേർ പഞ്‌ജലി, അപരാജിതോ , അപുർ സൻസാർ എന്നീ തുടർചിത്രങ്ങളാണ്‌ അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത് . തിരക്കഥാരചന , നടീനടന്മാരെ തെരഞ്ഞെടുക്കൽ , പശ്ചാത്തല സംഗീതം , ഛായാഗ്രഹണം , കലാസംവിധാനം , ചിത്രസംയോജനം , പരസ്യകല എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ എല്ലാ മേഖലകളിലും റായ് കഴിവു തെളിയിച്ചിട്ടുണ്ട്. അഭിനേതാവായാണ്‌ റായ് കലാജീവിതം ആരംഭിച്ചത്. ചലച്ചിത്ര നിർമ്മാതാവായ ഴാങ് റെൻവായെ കണ്ടതും ബൈസിക്കിൾ തീവ്‌സ് എന്ന ഇറ്റാലിയൻ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചു.

1921 മേയ് 2 ന് ബംഗാളി സാഹിത്യ ലോകത്ത് ഹാസ്യകവി , ബാലസാഹിത്യകാരൻ , ചിത്രകാരൻ , നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സുകുമാറിൻ്റെ മകനായി ജനനം. സുപ്രഭ റായ് ആണ് മാതാവ് . 1940ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക വിഷയത്തില്‍ ബിരുദം നേടി. തുടര്‍ന്നു വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. നന്ദലാല്‍ ബോസിന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചു. പിന്നീട് ഒരു ബ്രിട്ടീഷ് പരസ്യകമ്പനിയില്‍ കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റായി ചേര്‍ന്നു . പിൽക്കാലത്ത് ചലച്ചിത്ര രചനയില്‍ മുഴുകി . അപരാജിതൊ , അപൂര്‍ സന്‍സാര്‍ , മഹാനഗര്‍ , ജല്‍സാ ഗര്‍ , ചാരുലത , ഗണശത്രു , അഗന്തുക് തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചു . ഡിറ്റക്ടീവ് നോവല്‍ , ചെറുകഥ , ബാലസാഹിത്യം , ശാസ്ത്രസാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി പതിനഞ്ചില്‍ പരം കൃതികള്‍ രചിച്ചു . ബര്‍ലിന്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ , വെനീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ജൂറി അംഗമായിരുന്നു.

സാഹിത്യ അക്കാദമി പുരസ്കാരം , പത്മവിഭൂഷണ്‍ , ലിജിയന്‍ ഓഫ് ഹോണര്‍ (ഫ്രാന്‍സ്) , ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് , ഓസ്‌കര്‍ അവാര്‍ഡ് , ഭാരതരത്‌നം , ഓക്‌സ് ഫെഡ് യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് തുടങ്ങി ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട് .1992 ഏപ്രില്‍ 23ന് അന്തരിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment