ഗുജറാത്തിൽ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോൺഗ്രസിനു തിരിച്ചടി . സൂറത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടേയും ഡമ്മി സ്ഥാനാർത്ഥിയുടേയും പത്രികകൾ വരണാധികാരി തള്ളി . കോൺഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംഭാനിയുടെ നാമനിർദേശ പത്രികയിൽ പിന്തുണച്ച മൂന്നു പേരുടേയും ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത് . പത്രികയിലുള്ളത് തങ്ങളുടെ ഒപ്പല്ലെന്ന് മൂന്നു പേരും വരണാധികാരിയെ അറിയിച്ചു.
പിന്തുണച്ചവരെ നേരിൽ ഹാജരാക്കാൻ സ്ഥാനാർത്ഥിയോട് വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ബി ജെ പി അവരെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചിരിക്കുന്നുവെന്ന മറുപടിയാണ് നിലേഷ് നൽകിയത് . ഇതു സംബന്ധിച്ച് താൻ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തതായും നിലേഷ് പറയുന്നു.നിലേഷിൻ്റെ ഡമ്മി സ്ഥാനാർത്ഥിയായ സുരേഷ് പശ്ചാലയുടെ പത്രികയും ഇതേ കാരണത്താൽ തന്നെ വരണാധികാരി തള്ളിക്കളഞ്ഞതാണ് കോൺഗ്രസിന് കനത്ത പ്രഹരമായത്.
