ഓർമയിലെ ഇന്ന് ഏപ്രിൽ -20 ബ്രാം സ്‌റ്റോക്കർ

At Malayalam
3 Min Read

ലോകമെമ്പാടുമുള്ള മനുഷ്യരെ മുഴുവൻ ഭയപ്പാടിന്റെ കുന്തമുനയിൽ നിർത്തുകയും വായിച്ചവരും അതിനെക്കുറിച്ച് കേട്ടറിയുക മാത്രം ചെയ്തവരും ഒരുപോലെ പേടിക്കുകയും ചെയ്ത ലോകത്തിലെ ഏറ്റവും പ്രചാരം കിട്ടിയ ഭീകര – പ്രേത
നോവലാണ് ഡ്രാക്കുള.

ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ എഴുതിയ നോവലാണിത് . 1897 മെയ് 26 നാണ് ഈ നോവൽ പ്രകാശനം ചെയ്യുന്നത് . 1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത് . പത്താം വർഷത്തിലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. ‘അർച്ചിബാൾഡ് കോൺസ്റ്റബിൾ ആൻഡ് കമ്പനി‘ (UK) എന്ന പബ്ലിഷിംഗ് കമ്പനി അത് അച്ചടിച്ചു . ആദ്യമൊന്നും ‘ഡ്രാക്കുള‘ എന്ന നോവല്‍ ഒരു ഓളവും ഉണ്ടാക്കിയില്ല. സാവധാനം അത് ലോകം കീഴടക്കി . ഒരു എഴുത്തുകാരൻ സൃഷ്ടിച്ച ഒരു കഥാപാത്രം അദ്ദേഹത്തെക്കാൾ പ്രശസ്തിയിലെത്തിയ കഥകൾ ലോക ചരിത്രത്തിൽ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ് . ഡ്രാക്കുള എന്ന പേര് എഴുത്തിന്റെ വഴികളിൽ മാത്രമല്ല സിനിമാ ലോകത്തും വൻ ചലനങ്ങൾ ഉണ്ടാക്കി . ഈ കഥയും കഥാപാത്രവും പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള പ്രശസ്തി നേടി. മറ്റു പല സാഹിത്യ ശാഖകൾക്കും സ്റ്റോക്കറുടെ ഈ സൃഷ്ടി ആധാരമായിട്ടുണ്ട് . രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭുവിന്‍റെ ഭയപ്പെടുത്തുന്ന വിവരണങ്ങളുമായി പിന്നീട് ലോകത്തിലെ എല്ലാ ഭാഷകളിലും എത്രയെത്ര പുസ്തകങ്ങൾ‍ , സിനിമകൾ‍ .

1847 നവംബർ 8 ന് അയർലന്റിലെ ഡബ്ലിനിൽ അബ്രഹാം സ്റ്റോക്കറിന്റെയും ചാർലെറ്റ് മത്തിൽഡയുടെയും മകനായി ബ്രാം ജനിച്ചു . അബ്രഹാം‘ എന്നതിന്റെ ചുരുക്കരൂപമാണ് ‘ബ്രാം‘. ട്രിനിറ്റി കോളേജിൽ കലാലയ വിദ്യാഭ്യാസം പൂർത്തീകരിച്ചു . തുടർന്ന് ഐറിഷ് സിവിൽ സർവീസിൽ കോടതി ഗുമസ്തനായി . അതോടൊപ്പം നിയമത്തിൽ ബിരുദമെടുത്ത് വക്കീലായി പരിശീലനം നടത്തിയെങ്കിലും ചെറുപ്പത്തിൽ തന്നെ നാടകത്തോട് അമിത ഭ്രമമുണ്ടായിരുന്ന ബ്രാം പരിശീലനം നിർത്തി ലണ്ടനിലേക്ക് പോയി . വിക്ടോറിയൻ കാലഘട്ടത്തിൽ നാടകവേദിയിലെ മികച്ച അഭിനേതാവായിരുന്ന സർ ഹെൻട്രി ഇർവിങ്ങിന്റെ നാടകക്കമ്പനിയുടെ മാനേജരായി പ്രവർത്തിച്ചു . ഈ സമിതിയിൽ 30 വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു.

‘ദ അൺ–ഡെഡ്‘ എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത് . എന്നാൽ പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ ‘ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ്‘ എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഡ്രാക്കുളയുടെ സ്രഷ്ടാവ് എന്ന പേരിൽ മാത്രമാണ് സ്റ്റോക്കർ അറിയപ്പെടുന്നത്.

- Advertisement -

പ്രൊഫസർ അർമിനിയസ് വാം ബെറി എന്ന ബുഡാപെസ്റ്റുകാരനിൽ നിന്നാണ് അദ്ദേഹം ആദ്യമായി ഡ്രാക്കുളയെക്കുറിച്ചറിയുന്നത് . ഡ്രാക്കുള എന്ന പേര് ബ്രാമിനെ വല്ലാതെ ആകർഷിച്ചിരുന്നു.
ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചുരപ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ‘ഡ്രാക്കുള‘ പിറവി കൊണ്ടത് . കഥ നടക്കുന്ന ട്രാൻസിൽവാനിയ അഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം ആ പ്രദേശമാണ് കഥയ്ക്ക് പശ്ചാത്തലമാക്കിയത് . 1887-ൽ കഥ നടക്കുന്നതായാണ് സ്റ്റോക്കർ കൃതിയിൽ വിവരിക്കുന്നത് . 1912 ഏപ്രിൽ 20 ന് ബ്രാം അന്തരിച്ചു.

ഡ്രാക്കുള ഒരു ലഘു വിവരണം

കാര്‍പാത്യന്‍മലയിലെ കൊട്ടാരത്തിലെ ഡ്രാക്കുള പ്രഭു എന്ന പ്രധാന കഥാപാത്രം പകല്‍ സമയം മുഴുവന്‍ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളില്‍ കഴിയുകയും യാമങ്ങളില്‍ ശവപ്പെട്ടിക്കുള്ളില്‍ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു . തന്റെ ചൈതന്യം നിലനിര്‍ത്തുവാനായാണ് അദ്ദേഹം രക്തം കുടിക്കുന്നത് . രക്തം നഷ്ടപ്പെടുന്ന ഈ യുവതികള്‍ യക്ഷികളായി മാറി കൊട്ടാരത്തില്‍ വിഹരിക്കുന്നു . പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജൊനാതന്‍ എന്ന അഭിഭാഷകന്‍ ദുര്‍ഘട യാത്രകളിലൂടെ ഡ്രാക്കുളയുടെ കൊട്ടാരത്തില്‍ എത്തിച്ചേരുന്നു . നഗരത്തെക്കുറിച്ച് ജൊനാതനില്‍ നിന്നും മനസ്സിലാക്കിയ പ്രഭു അവിടെ ഒരു ഭവനം വാങ്ങുവാനുള്ള ആഗ്രഹം ജോനാതനോട് പറയുന്നു . തിരക്കാര്‍ന്ന നഗരത്തില്‍ യാമങ്ങളില്‍ തന്റെ രക്തപാനം വര്‍ദ്ധിപ്പിക്കാം എന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടല്‍ . തന്റെ ലക്ഷ്യ സാഷാത്കാരത്തിനായി പ്രഭു ജൊനാതനോടൊപ്പം നഗരത്തിലെത്തുന്നു . നഗരത്തിലെത്തിയ പ്രഭു ജൊനാതന്റെ വേണ്ടപ്പെട്ടവരില്‍ തന്നെ ആദ്യം തന്റെ ശ്രമങ്ങള്‍ ആരംഭിക്കുന്നു . അവസാനം സാഹസികരുടെ ഒരു സംഘം നിതാന്ത ശ്രമത്തിലൂടെ ഡ്രാക്കുളയെ വേട്ടയാടി അവസാനിപ്പിക്കുന്നു . എക്കാലത്തെയും ഹൊറര്‍ നോവലുകളില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കൃതിയാണ് ഡ്രാക്കുള എന്ന് നിസംശയം പറയാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment