വീട്ടിൽ നടന്ന മോഷണത്തെ സംബന്ധിച്ച് കുടുംബം പരാതി കൊടുത്തിട്ട് കാലങ്ങളായി . പൊലിസിൻ്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നുമില്ല . എങ്കിൽ ആ പൊലിസ് ഉദ്യോഗസ്ഥർക്ക് നല്ല ഒരു സ്വീകരണം നൽകാമെന്നായി കുടുംബം . മധ്യപ്രദേശിലാണ് കുടുംബം ഇത്തരത്തിൽ പൊലിസുകാർക്ക് സ്റ്റേഷനിൽ തന്നെ ഒരു ഗംഭീര സ്വീകരണമൊരുക്കിയത്.
ദമ്പതികൾ മക്കളേയും കൂട്ടി നേരെ പൊലിസ് സ്റ്റഷനിലെത്തുന്നു . പൊലിസ് അധികാരിയുടെ മുന്നിലെത്തി ആരതി ഉഴിഞ്ഞു , മണിനാദം മുഴക്കി , ഹാരാർപ്പണം നടത്താൻ തുടങ്ങിയപ്പോൾ അപകടം മണത്ത പൊലിസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് അവരെ തടയുന്നു . പക്ഷേ ദമ്പതികൾ ആദരവോടെ പൊലീസ് ഉദ്യോഗസ്ഥനെ ആരതി ഉഴിയുകയും പൂമാലയിടാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഈ രംഗങ്ങളുടെ എല്ലാം വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി അവർ ചിത്രീകരിച്ചു. എഫ് ഐ ആർ ഇടാനുള്ള സാമാന്യ മര്യാദ പോലും പൊലിസ് കാട്ടിയില്ലെന്ന് കുടുംബനാഥൻ വീഡിയോയിൽ പറയുന്നുണ്ട് . നിങ്ങൾ നന്നായി വരും എന്ന് പൊലിസ് ഉദ്യോഗസ്ഥൻ്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചിട്ടാണ് കുടുംബം സ്റ്റേഷൻ വിട്ടത് . എന്തായാലും വേറിട്ട ഈ പ്രതിഷേധ പരിപാടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.