ക്രിക്കറ്റു പോലുള്ള കായികമേഖലയിലുണ്ടാകുന്ന അഴിമതികൾ കൈകാര്യം ചെയ്യാൻ രാജ്യത്ത് ശക്തമായ നിയമങ്ങളില്ലന്ന് ഡെൽഹിയിലെ മുൻ പൊലിസ് കമ്മിഷണറായ നീരജ് കുമാർ അഭിപ്രായപ്പെട്ടു . ഈ പഴുതിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് ഉൾപ്പടെ പലരും കേസുകളിൽ നിന്നും രക്ഷപെട്ടു പോയതെന്നും നീരജ് കുമാർ പറയുന്നു.
ലോക്സഭ , പ്രിവൻഷൻ ഓഫ് സ്പോർട്ടിംഗ് ഫ്രോഡ് ബില്ല് 2018 ൽ പാസാക്കിയിരുന്നു . കുറ്റക്കാരെന്ന് തെളിഞ്ഞാൽ പത്തു ലക്ഷം രൂപ പിഴയും അഞ്ചു കൊല്ലം തടവും ഈ നിയമം ശുപാർശ ചെയ്യുന്നുമുണ്ട് . എന്നാൽ ഫലപ്രദമായി രാജ്യത്ത് അത് നടപ്പാക്കുന്നതേയില്ലന്നും നീരജ് കുമാർ പറയുന്നു . ന്യൂസിലാൻ്റ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ അനാസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീനുമായി ബന്ധപ്പെട്ട കേസ് മുഴുമിപ്പിച്ചിരുന്നെങ്കിൽ പല വമ്പൻ മാരും കുടുങ്ങിയേനെയെന്നും അദ്ദേഹം പറഞ്ഞു.
ഡെൽഹിയിൽ നീരജ് കുമാർ പൊലിസ് കമ്മിഷണറായിരിക്കുമ്പോഴാണ് ശ്രീശാന്ത് , അങ്കിത് ചവാൻ , അജിത് ചാന്ദില തുടങ്ങിയ രാജസ്ഥാൻ റോയൽസിൻ്റെ കളിക്കാർ വാതുവയ്പിൽ കുടുങ്ങിയത്.
