ഓർമയിലെ ഇന്ന്; ഏപ്രിൽ – 7, പ്രേം നസീർ

At Malayalam
2 Min Read

മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ 98-ാം ജന്മവാർഷികമാണിന്ന്.

കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും റൊമാന്റിക് കാമുകനായും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ മലയാളത്തിൻ്റെ എക്കാലത്തെയും നിത്യ ഹരിതനായകൻ പ്രേം നസീര്‍. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരമായിരുന്ന പ്രേംനസീർ അനശ്വരനടന്മാരായ സത്യൻ , ജയൻ , സോമൻ , സുകുമാരൻ പിന്നീട് മമ്മൂട്ടി-മോഹൻലാൽ ദ്വയം വരെ മലയാള ചലച്ചിത്ര രംഗത്തെ താര രാജാവായിരുന്ന പ്രേംനസീർ , തന്റെ 38 വർഷത്തെ അഭിനയ ജീവിതത്തിൽ
672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് ചിത്രങ്ങളും ഉൾപ്പെടെ 781 സിനിമകളിൽ നായകനായി ലോക റെക്കോഡ് സ്വന്തമാക്കി . 1980-ൽ പുറത്തിറങ്ങിയ കരിപുരണ്ട ജീവിതങ്ങൾ എന്ന ചിത്രമാണ് നസീറിന്റെ അഞ്ഞൂറാമത്തെ ചിത്രം.

- Advertisement -

ചിറയിൻകീഴ് അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രിൽ 7-ന് അദ്ദേഹം ജനിച്ചു . കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ , ശ്രീ ചിത്തിരവിലാസം സ്കൂൾ , ആലപ്പുഴ എസ് ഡി കോളേജ് , ചങ്ങനാശേരി സെയിന്റ് ബെർക്കുമാൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി മാറിയിരുന്നു . 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെ സത്യനോടൊപ്പമാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ത്യാഗസീമ വെളിച്ചം കണ്ടില്ല .

പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രമാണ് ആദ്യം പ്രദർശനത്തിനെത്തിയത് . വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിൽ അദ്ദേഹം പ്രേം നസീർ എന്ന പേര് സ്വീകരിച്ചു . ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍ , മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന് . മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ 1989 ജനുവരി16 ന് വിടവാങ്ങി 35 വർഷം കഴിഞ്ഞെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞു നിൽക്കുന്നു . മുറപ്പെണ്ണ് (1965) , ഇരുട്ടിന്റെ ആത്മാവ് (1967) , കള്ളിച്ചെല്ലമ്മ (1969) , നദി (1969) , അനുഭവങ്ങൾ പാളിച്ചകൾ (1971) , അഴകുള്ള സെലീന (1973) , വിട പറയും മുൻപേ (1981) ) , പടയോട്ടം (1982) , കാര്യം നിസ്സാരം (1983) , ധ്വനി (1988) തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ അഭിനയം കാഴ്ച്ച വച്ചു.

വിട പറയും മുൻപേ എന്ന ചിത്രത്തിലെ അഭിനയത്തിന് ക സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക ജൂറി പുരസ്ക്കാരവും പത്മഭൂഷൻ , പത്മശ്രീ എന്നിവയും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴ് , തെലുങ്ക് , കന്നട ചിത്രങ്ങളിലും അഭിനയിച്ചു . 130 സിനിമകളിൽ ഒരേ നായിക (ഷീല) യോടൊത്ത് അഭിനയിച്ചതിനും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ സ്ഥാനംപിടിച്ചു. കൂടാതെ , 93 നായികമാർക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളിൽ വീതം അഭിനയിച്ചതിനും വേറെയും രണ്ടു റെക്കോഡുകൾ കൂടിയുണ്ട് അദ്ദേഹത്തിന് . ധ്വനിയാണ് അവസാനമായി അഭിനയിച്ച ചിത്രം . ശേഷം , 1990-ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടിയാണ്‌ നസീറിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.

- Advertisement -
Share This Article
Leave a comment