തമിഴ് സാഹിത്യകാരന്‍ അശോക മിത്രന്റെ 7-ാം ചരമവാർഷികം
തമിഴിലും ഇംഗ്ലീഷിലും മനോഹരമായി എഴുതുമായിരുന്ന
സ്വാതന്ത്ര്യാനന്തര തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അശോകമിത്രൻ. ഇരുനൂറിലധികം ചെറുകഥകൾ, എട്ടു നോവലുകൾ, 15 നോവെല്ലകൾ ഉൾപ്പെടെ നിരവധി സാഹിത്യ സൃഷ്ടികൾ അദ്ദേഹത്തിന്റെതായുണ്ട്.
1931 സെപ്റ്റംബർ 22ന് സെക്കന്ദരാബാദിലാണ് അദ്ദേഹം ജനിച്ചത്. ത്യാഗരാജൻ എന്നായിരുന്നു യഥാർഥ പേര്. 1952ൽ പിതാവിന്റെ മരണശേഷമാണ് അദ്ദേഹം ചെന്നൈയിലേക്ക് താമസം മാറ്റുന്നത്.
ജെമിനി സ്റ്റുഡിയോയിൽ 14 വർഷം പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജോലി ചെയ്തു. ഇക്കാലത്തെ അനുഭവങ്ങളിൽ നിന്നു രചിച്ച കൃതിയാണ് ‘മൈ ഇയേഴ്സ് വിത്ത് ബോസ്’. അദ്ദേഹത്തിന്റെ പല നോവലുകളും ചെറുകഥകളും ഇംഗ്ലീഷിലും മറ്റു വിദേശ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ് ചലച്ചിത്രലോകത്തെ അടിയൊഴുക്കുകൾ അനാവരണം ചെയ്യുന്ന നോവലായ ‘അലിഞ്ഞുപോയ നിഴലുകൾ’ എന്ന നോവലും കലർപ്പുകളൊന്നുമില്ലാത്ത മനുഷ്യസൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നാനാർഥങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന ‘മാനസസരോവരം’ എന്ന നോവലും ‘തണ്ണീർ’ എന്ന കൃതിയും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളിലെ മധ്യവർഗ ജീവിതങ്ങളെക്കുറിച്ച് ആഴമുള്ള എഴുത്തുകൾ അശോകമിത്രൻ എഴുതി.
‘അപ്പാവിൻ സ്നേഹിതർ’ എന്ന ചെറുകഥാ സമാഹാരത്തിന് 1996-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2017 മാർച്ച് 23-ന് അന്തരിച്ചു.