സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പൊലീസ്

At Malayalam
1 Min Read

ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പു നടത്തുകയും ചെയ്യുന്നവർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വിവാഹം കഴിക്കാൻ താത്പര്യമുള്ള പെൺകുട്ടികളുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞ് അവരുടേതെന്ന പേരിൽ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ആവശ്യപ്പെടുകയും ചെയ്യുകയാണ് തട്ടിപ്പിൻ്റെ രീതി. വിശ്വാസ്യത ഉറപ്പുവരുത്താൻ കോൺഫറൻസ് കോൾ വഴി പെൺകുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിനു സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടർന്ന് പെൺകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ നമ്പർ നൽകുകയും ചെയ്യുന്നു. വിവാഹിതരാകാൻ പോകുന്ന താത്പര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും പെൺകുട്ടി സംസാരിക്കുകയും ചെയ്യുന്നു.

ഇതിനിടയിൽ ഫീസിനത്തിൽ തുക മുഴുവൻ ഇവർ കൈപ്പറ്റിയ ശേഷം പതിയെ ഡീലിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം തുടങ്ങും . വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങൾ ആവും അവതരിപ്പിക്കുക. ഇത്തരം തട്ടിപ്പുകളിൽപ്പെടുന്നവർക്ക് തട്ടിപ്പുകാർ വിവിധ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ സംസാരിക്കുന്നത് ഒരു സ്ത്രീ തന്നെയായിരിക്കും. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനർവിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് തട്ടിപ്പുകാർ കൂടുതലായി ലക്‌ഷ്യം വയ്ക്കുന്നത്. പണം നഷ്ടപ്പെടുന്നവർ മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം അറിയാനും വൈകുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment