രാജ്യത്തെ ഏറ്റവും തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഭിക്ഷാടനം നടത്തുന്നയാളുടെ ആസ്‌തി ഏഴരക്കോടി രൂപയാണ്! 54 കാരനായ ഭാരത് ജെയിനാണ് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനലില്‍ (സി എസ് ടി) ഭിക്ഷാടനം നടത്തുന്ന കോടീശ്വരൻ. ദക്ഷിണ മുംബൈയില്‍ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലാണ് ജെയിൻ താമസിക്കുന്നത്. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമാണ് ജെയിനിനൊപ്പം ഈ രണ്ടുമുറി ഫ്ലാറ്റില്‍ കഴിയുന്നത്. ഭിക്ഷ യാചിക്കുന്നതിലൂടെ ജെയിനിന് ഒരു മാസം 60,000 മുതല്‍ 75,000 രൂപ വരെയാണ് ലഭിക്കുന്നത്.
ദിവസവും രാവിലെ മുതല്‍ രാത്രി വരെ ഏകദേശം പത്തു മുതല്‍ പന്ത്രണ്ടു മണിക്കൂറാണ് ജോലി.ഞായറാഴ്ചകളില്‍ പോലും ഇയാള്‍ അവധിയെടുക്കാറില്ല. ദിവസവും 2,000 മുതല്‍ 2,500രൂപ വരെ ലഭിക്കുന്നുണ്ട്. മാത്രമല്ല, താനെയില്‍ ഇയാള്‍ സ്വന്തം കട വാടകയ്‌ക്ക് നല്‍കിയിട്ടുമുണ്ട്. അതില്‍ നിന്ന് മാസം 30,000രൂപയും വരുമാനമുണ്ട്. വൻ തുക ഫീസ് നല്‍കി കോണ്‍വെന്റ് സ്കൂളിലാണ് ജെയിനിന്റെ മക്കള്‍ പഠിക്കുന്നത്.മക്കള്‍ വളർന്നതോടെ ഈ ജോലി ഉപേക്ഷിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടങ്കിലും ജെയിനിന് മടിയാണ്. മാത്രമല്ല, ഈ ജീവിതരീതി ഒഴിവാക്കാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
‘പണത്തിനോട് ആർത്തിയൊന്നും ഇല്ല. ഇത് ശീലമായിപ്പോയി. കിട്ടുന്ന പണത്തിൻ്റെ ഒരു ഭാഗം ക്ഷേത്രങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നല്‍കാറുണ്ട്.’ – ജെയിൻ പറഞ്ഞു.ജെയിനിനെ പോലെ രാജ്യത്ത് യാചകരായ ഒട്ടേറെ കോടിപതികള്‍ വേറെയുമുണ്ട്. രാജ്യത്തെ കോടീശ്വരന്മാരായ യാചകരുടെ എണ്ണം ഏകദേശം ഒന്നരലക്ഷം കോടിയുണ്ടെന്നാണ് റിപ്പോർട്ട്.
