മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു (75) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന ഭാസുരേന്ദ്രബാബു സർവ്വീസിൽ നിന്നും വിരമിച്ചതിന് ശേഷം മാധ്യമ പ്രവർത്തന രംഗത്ത് സജീവമാകുകയായിരുന്നു. കൈരളി ചാനലിൽ അദ്ദേഹം അവതരിപ്പിച്ച ‘വർത്തമാനം’ പരിപാടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ എന്ന നിലയിൽ ചാനൽ സംവാദങ്ങളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇടപെട്ടിരുന്നു.