അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി തയ്യാറാക്കിയ കരടു പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് പി ചിദംബരം കൈമാറി. അഗ്നിപഥ് പിന്‍വലിക്കുമെന്നും കാര്‍ഷിക വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കുമെന്നും കരട് പ്രകടന പത്രികയില്‍ പറയുന്നു. വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ച ശേഷം പ്രകടനപത്രിക പുറത്തിറക്കും.
തൊഴില്‍, വിലക്കയറ്റത്തില്‍ നിന്നുള്ള ആശ്വാസം, സാമൂഹിക നീതി എന്നിവയ്ക്കു പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് കോണ്‍ഗ്രസ് ഇത്തവണ പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിൻ്റെ കീഴിൽ ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷം തസ്തികകള്‍ നികത്തുമെന്നും സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നതുമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.സൈന്യത്തിലെ കരാര്‍ ജോലിയായ അഗ്നിപഥ് നിര്‍ത്തലാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 6,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 33% സംവരണവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
തൊഴില്‍ കലണ്ടര്‍ പുറത്തിറക്കും, പരീക്ഷാ പേപ്പര്‍ ചോര്‍ച്ചക്കെതിരെ കര്‍ശന നിയമം കൊണ്ടുവരും, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും നൈപുണ്യ അലവന്‍സ്, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വനിതാ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കും, എല്‍ പി ജി വില കുറയ്ക്കും, ഒ ബി സി സംവരണ പരിധി വര്‍ധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നു.
കര്‍ഷകര്‍ക്കു മിനിമം താങ്ങുവില നല്‍കും, തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 400 രൂപയാക്കി ഉയര്‍ത്തും, അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ നടപ്പാക്കിയ ചിരഞ്ജീവി പദ്ധതിയുടെ മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.