മലയാളത്തിൻ്റെ ഭാവഗായകന് 80 ലും സ്വരയൗവനം

At Malayalam
2 Min Read

പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പി ജയചന്ദ്രൻ മലയാളത്തിൻ്റെ സംഗീത മനസു കീഴടക്കിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. കൊച്ചി രാജ കുടുംബാംഗം രവിവർമ കൊച്ചനിയൻ തമ്പുരാൻ്റെയും പാലിയത്ത് തറവാട്ടിലെ സുഭദ്രകുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിനാണ് ജയചന്ദ്രൻ ജനിക്കുന്നത്.

1958 ൽ നടന്ന ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗവായനയിൽ ഒന്നാമനായത് പി ജയചന്ദ്രനായിരുന്നു. ലളിത – ശാസ്ത്രീയ സംഗീത മത്സരങ്ങളിൽ അതേ വേദിയിൽ ഒന്നാം സ്ഥാനം നേടിയത് കൊച്ചി തോപ്പും പടി സ്വദേശിയും ജയചന്ദ്രനേക്കാൾ നാലുവയസ് പ്രായ കൂടുതലുമുള്ള കാട്ടാശേരിൽ ജോസഫ് യേശുദാസ് എന്ന കൊലുന്നനെയുള്ള ഒരു പയ്യനുമായിരുന്നു. സമ്മാന ദാനശേഷം നടന്ന യേശുദാസിൻ്റെ പാട്ടിന് മൃദംഗത്തിൽ പിന്നണി നൽകിയാതകട്ടെ ജയചന്ദ്രനും. അന്ന് ആ രംഗത്തിന് സാക്ഷ്യം വഹിച്ചവരാരും അപ്പോൾ കരുതിയിട്ടുണ്ടാകില്ല, പിൽക്കാലത്ത് ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗം അടക്കിവാഴാൻ പോകുന്ന രണ്ട് അതുല്യ പ്രതിഭകളാണീ കുട്ടികളെന്ന്.

1965 ൽ ബിരുദ പഠന ശേഷം ജോലിയ്ക്കായി മദിരാശിയിലെത്തിയ ജയചന്ദ്രൻ നിരവധി സംഗീത പരിപാടികളിൽ പങ്കാളിയാവുകയും ശ്രദ്ധേയനായ ഗായകനായി പേരെടുക്കുകയും ചെയ്തു. പക്ഷേ ജോലി തിരക്കുകൾക്കിടയിൽ സംഗീത ജീവിതത്തിന് വലിയ പ്രാധാന്യമൊന്നും അദ്ദേഹം നൽകിയുമില്ല.

- Advertisement -

ഇതിനിടയിൽ സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ സംഗീത പരിപാടിയിൽ പങ്കെടുത്ത്, യേശുദാസ് പാടി അനശ്വരമാക്കിയ പഴശിരാജ എന്ന ചിത്രത്തിലെ ചൊട്ട മുതൽ ചുടല വരെ എന്ന ഗാനം അതി ഗംഭീരമായി ജയചന്ദ്രൻ ആലപിച്ചു. പ്രശസ്ഥ സംവിധായകൻ വിൻസെൻ്റ് അടക്കമുള്ള നിരവധി പേർ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. ജയചന്ദ്രൻ്റെ സ്വരമാധുരിയും ആലാപന വൈശിഷ്ട്യവും ഇഷ്ടപ്പെട്ട വിൻസെൻ്റ് സംഗീത സംവിധായകൻ ജി ദേവരാജനോട് ഉടൻ ചിത്രീകരണം തുടങ്ങാനിരുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിൽ ജയചന്ദ്രനെ പാടിയ്ക്കാൻ നിർദേശിക്കുന്നു. ഒരു മുല്ല പൂമാലായുമായി എന്നു തുടങ്ങുന്ന ഗാനം ജയചന്ദ്രൻ അസാധ്യമായി ആലപിക്കുകയും ചെയ്തു. തുടർന്ന് കളിത്തോഴൻ എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്ററുടെ തന്നെ ഈണത്തിൽ പ്രശസ്ഥമായ മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ഗാനവും ജയചന്ദ്രൻ പാടുന്നു. പിന്നെ യേശുദാസിനൊപ്പം ജയചന്ദ്രൻ എന്ന പേരും മലയാളി മനസിൽ ചിര പ്രതിഷ്ഠ നേടുന്നു.

ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് യേശുദാസ് എന്ന പ്രതിഭാസം നിറഞ്ഞു നിന്നപ്പോഴും ആ ചൂടിൽ തളർന്നു പോകാതെ സ്വന്തം പ്രതിഭയും തൻ്റേതു മാത്രമായ ശൈലിയുമായി പി ജയചന്ദ്രൻ കളം നിറഞ്ഞു തന്നെ നിന്നു .മലയാളത്തിൽ , ഇടയ്ക്കിടെ നിശബ്ദനാകുമ്പോഴും ഒരു ബമ്പർ മെഗാ ഹിറ്റു പാട്ടുമായി മലയാളികളുടെ പ്രിയ ഭാവഗായകൻ ജയേട്ടൻ വന്ന് സംഗീത ഹൃദയങ്ങളെ ഒന്നാകെ കൂട്ടിക്കൊണ്ടങ്ങ് പോകും.

80 ൻ്റെ നിറവിലെത്തിയ പ്രിയ ഭാവഗായകന് , മലയാളത്തിൻ്റെ നിത്യ യൗവന നാദവിസ്മയത്തിന് ഒരായിരം പിറനാൾ ആശംസകൾ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment