തിരുവനന്തപുരം ജില്ലയിലെ കോവളത്ത് 42കാരനെ പാറക്കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കോവളം കെ എസ് റോഡ് സിയോൺകുന്നിൽ ജസ്റ്റിൻരാജി (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ എസ് റോഡിലെ പാറക്കുളത്തിലാണ് മൃതദേഹം കണ്ടത്.
പിതാവിന്റെ മരണ ശേഷം കിടപ്പു രോഗിയായ അമ്മയോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. കുറേക്കാലമായി വിഷാദ രോഗത്തിനു മരുന്നു കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അവിവാഹിതനാണ്. ഇയാളേയും അമ്മയേയും സംരക്ഷിച്ചിരുന്നത് സഹോദരങ്ങളാണ്. വേണ്ട ചികിത്സയും നൽകിയിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോകാനായി ഇയാൾ വീട്ടിൽ നിന്നിറങ്ങി.
എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്തിയില്ലെന്നു ബന്ധുക്കൾ പറയുന്നു.ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കുളത്തിനു സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികളാണു വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. പരിശോധനയിൽ മൃതദേഹം ജസ്റ്റിൻ രാജിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.