ജാർഖണ്ഡിൽ തീവണ്ടി അപകടത്തിൽ നിരവധി മരണം

At Malayalam
1 Min Read

ജാര്‍ഖണ്ഡില്‍ വൻ ട്രെയിന്‍ അപകടം. സംഭവത്തില്‍ 15 ൽ അധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ മരണമാണ് ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചതെങ്കിലും 15പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തേക്ക് പോവുകയാണെന്നും രണ്ടു പേര്‍ മരിച്ചതായാണ് വിവരമെന്നും മരണ സംഖ്യ സംബന്ധിച്ചോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ലെന്ന് ജംതാര ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെ ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് അപകടമുണ്ടായത്.

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് കേട്ട് റെയില്‍വെ ട്രാക്കിലേക്ക് യാത്രക്കാര്‍ ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ അതു വഴി വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു.

അതേസമയം, റെയില്‍വെ ട്രാക്കിലൂടെ നടന്നുപോയവരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് റെയില്‍വെയുടെ വിശദീകരണം. ട്രെയിനില്‍ തീപിടിത്തമുണ്ടായിരുന്നില്ലെന്നും മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ച രണ്ടു പേര്‍ യാത്രക്കാരല്ലെന്നും സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക മൂന്നംഗ സംഘത്തെ നിയോഗിച്ചതായും റെയില്‍വെ അറിയിച്ചു.

Share This Article
Leave a comment