ദക്ഷിണേന്ത്യൻ നാട്ടങ്കത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൽ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സിന്റെ എവേ പോരാട്ടത്തിലെ തോൽവി. തുടർച്ചയായി മൂന്നാം പോരാട്ടത്തിലാണ് ടീം പരാജയം ഏറ്റുവാങ്ങിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ടീം തോറ്റത്.കളിയുടെ അവസാന ഘട്ടങ്ങളിൽ ചെന്നൈയിൻ പത്ത് പേരായി ചുരുങ്ങി. എന്നിട്ടും ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയില്ല. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നാലാമത്.ഇരു ടീമുകളും വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. തുടക്കം മുതൽ കൊണ്ടും കൊടുത്തും ആക്രമിച്ചു കളിച്ചു. നിരവധി മുന്നേറ്റങ്ങളും ഇരു ഭാഗത്തും കണ്ടു. ആദ്യ പകുതി ഗോൾ രഹിതമായി.
രണ്ടാം മിനിറ്റിൽ ചെന്നൈയിൻ ഗോൾ നേടി. 60ാം മിനിറ്റിൽ ആകാശ് സംഗ്വാനാണ് ചെന്നൈയിൻ വിജയ ഗോൾ സമ്മാനിച്ചത്. ഒരു ഗോൾ വഴങ്ങിയതോടെ ആക്രമണം കടുപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചെങ്കിലും ഗോൾ നേടാനായില്ല.81ാം മിനിറ്റിൽ ചെന്നൈയിൻ താരം അങ്കിത് മുഖർജി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. അവർ പത്ത് പേരായി ചുരുങ്ങി. പക്ഷേ കൊമ്പൻമാർക്ക് ഗോളടിക്കാനുള്ള വമ്പുണ്ടായില്ല.