പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് നരേന്ദ്ര മോദി ഖത്തർ അമീറിനോട് നന്ദി പറഞ്ഞു.
‘മനോഹരമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ – ഖത്തർ ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. ലോകത്തിനാകെ ഗുണം ചെയ്യുന്ന രീതിയിൽ ഭാവിയിൽ പല മേഖലകളിലും ഇന്ത്യയും ഖത്തറും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി എക്‌സിൽ കുറിച്ചു.
“ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അമീറിന്റെ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു, ഇക്കാര്യത്തിൽ അൽ-ദഹ്‌റ കമ്പനിയിലെ എട്ട് ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതിന് അമീറിനോട് തന്റെ ആഴത്തിലുള്ള നന്ദി അറിയിച്ചു. അവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.