ബിഹാറില്‍ മുഖ്യ മന്ത്രി നിതീഷ്കുമാര്‍ വിശ്വാസ വോട്ട് നേടി. മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വിനി യാദവും, സഖ്യ എംഎല്‍എമാരും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. 129 വോട്ടുകള്‍ നേടിയാണ് ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ അധികാരമുറപ്പിച്ചത്. . സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിന്‍റെ നടപടികള്‍ നേരത്തെ ആരംഭിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
സ്പീക്കറെ നീക്കുന്നതിനെ അനുകൂലിച്ച് 125 എംഎല്‍എമാരാണ് വോട്ട് ചെയ്തതത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ അതിനേക്കാള്‍ നാല് വോട്ട് എന്‍ഡിഎയ്ക്ക് അധികം ലഭിച്ചു. ആര്‍ജെഡി ബന്ധമുപേക്ഷിച്ച് എന്‍ഡിഎയിൽ എത്തിയ നിതീഷ്കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ബിഹാറിന്‍റെ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ രാഷ്ട്രീയ ജനതാദളിലെ മൂന്ന് എംഎല്‍എമാര്‍ മറുകണ്ടം ചാടി നിതീഷിന് അനുകൂലമായി വോട്ടു ചെയ്തു. പ്രഹ്ളാദ് യാദവ്, നീലംദേവി , ചേതന്‍ ആനന്ദ് എന്നിവരാണ് എന്‍ഡിഎ മുന്നണിക്ക് അനുകൂലമായി വോട്ടു ചെയ്ത ആര്‍ജെഡി നേതാക്കള്‍.
