കേന്ദ്ര പോലീസ് സേന (സിഎപിഎഫ്) യിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷ മലയാളത്തിലും എഴുതാം. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് 13 പ്രദേശിക ഭാഷകളിലും പരീക്ഷ എഴുതാനുള്ള അനുവാദം നൽകി. ഇതാദ്യമായിട്ടാണ് മറ്റ് പ്രാദേശിക ഭാഷകളിലായി പരീക്ഷയെഴുതാനുള്ള അവസരം നൽകുന്നത്. മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗ്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ പ്രാദേശിക ഭാഷകളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 20 മുതൽ മാർച്ച് ഏഴ് വരെയായിരിക്കും കോൺസ്റ്റബിൾ പരീക്ഷ നടക്കുക. 128 കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയ്ക്ക് 48 ലക്ഷം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേന്ദ്രപോലീസ് സേനയിലേക്ക് യുവാക്കൾക്ക് തുല്യതൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തിയതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
