വയനാട് പടമലയില്‍ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്ന് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടികൾ ദൗത്യസംഘം രാവിലെ തന്നെ ആരംഭിക്കും. വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മയക്കുവെടിവെച്ച് പിടികൂടിയ ശേഷം മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഉൾപ്പെടെ പരിശോധിച്ച ശേഷമാകും ആനപരിപാലന കേന്ദ്രത്തില്‍ കൊണ്ടുപോകണമോ, അതോ ഉള്‍ക്കാട്ടിലേക്ക് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതാണ് നടപടിക്രമം. എന്നാല്‍ നിരീക്ഷണത്തിന് ശേഷം മാത്രമാകും അന്തിമ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു.
ഓരോ ദൗത്യവും പുതിയ പാഠമാണ്. മുന്‍ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച് കൂടുതല്‍ ജാഗ്രതയോട് കൂടിയുള്ള നടപടി സ്വീകരിക്കും. നിലവില്‍ ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ട്. ആന നിരീക്ഷണത്തിലാണ്. ഇന്നലെ ജനങ്ങളുടെ രോഷം അഭിമുഖീകരിക്കേണ്ടി വന്നു. അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ആനയെ പിടികൂടുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ല. ആനയെ പിടികൂടുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
