ദേശീയ ശ്രദ്ധ ആകർശിച്ച ‘ഷാ ബാനോ ബീഗം’ കേസിനെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുപർൺ എസ്. വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ പൂർത്തിയായ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ‘റാണാ നായിഡു’ (സംവിധാനം), ‘ദി ട്രയൽ’ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ‘സുൽത്താൻ ഓഫ് ഡൽഹി’ (സംവിധാനം) തുടങ്ങിയ വെബ് ഷോകൾക്ക് ശേഷം സുപർൺ എസ്. വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഷാ ബാനോ ബീഗം’.
ഭർത്താവ് അഹമ്മദ് ഖാൽ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെ 1978-ൽ ഷാ ബാനോ ആണ് കേസ് ഫയൽ ചെയ്തത്. തനിക്കും അഞ്ച് മക്കൾക്കും ജീവനാംശം ആവശ്യപ്പെട്ടാണ് കേസ് കൊടുത്തത്. കേസിൽ ഷാ ബാനോ വിജയിച്ചു. എന്നാൽ, വിധി ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന വാദം വലിയ തർക്കങ്ങൾക്കും കാരണമായി. തുടർന്ന് ഇന്ത്യയിലെ വിവിധ മതങ്ങൾക്ക് വ്യത്യസ്ത സിവിൽ കോഡുകൾ ഉള്ളതിനെക്കുറിച്ചുള്ള ചർച്ചയ്ക്കും ഇത് കാരണമായി.
