കേരള സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരൻ തമ്പി

At Malayalam
3 Min Read
Sreekumaran Thambi

കേരളാ സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സർക്കാരിന് വേണ്ടി കേരളാ ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറും ഗാനം എഴുതാൻ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ഒരാഴ്ചക്കുള്ളിൽ പാട്ട് എഴുതി നൽകിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. എന്നാൽ എഴുതി നൽകിയ ഗാനത്തിന്റെ ആദ്യ ഭാഗം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടു. തുടർന്ന് തിരുത്തി കൊടുത്തു. എന്നാൽ പിന്നീട് ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കു മുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല.അതുകൊണ്ടാണ്ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്.. ( എന്തിന് ? ഇപ്പോൾ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല )

ശ്രീ.അബൂബക്കറും ശ്രീ..സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ

സാമാന്യമര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബേക്കർ എന്നോട് ചോദിച്ചു.–“താങ്കളല്ലാതെ മറ്റാര് ? ” എന്ന് .

- Advertisement -

“ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്” എന്ന് പ്രതേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്ചക്കുള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു. “എനിക്ക് തൃപ്തിയായില്ല “

എന്ന് അബൂബേക്കറിൽ നിന്ന് മെസ്സേജ് വന്നു. ഞാൻ “എങ്കിൽ എന്നെ ഒഴിവാക്കണം ” എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസ്സേജ് അയച്ചു. “താങ്കൾക്ക് എഴുതാൻ കഴിയും “എന്നു പറഞ്ഞു . ആദ്യ വരികൾ (പല്ലവി ) മാത്രം മാറ്റിയാൽ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ് ” എന്ന് അബൂബേക്കർ പറഞ്ഞു. ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനു ശേഷം സച്ചിദാനന്ദനിൽ നിന്ന് “നന്ദി ” എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ” സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു ” എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. എന്റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ് .

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചിലവിൽ റിക്കോർഡ് ചെയ്ത് ഞാൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴയുന്നത് ഇത് മാത്രമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment