കവടിയാർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ ബഹുമതി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഗൗരി പാർവതീ ഭായിയെ ഷെവലിയർ ( നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ) ആയി നിയമിച്ച വിവരം ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ. തിയറീ മാത്തൗ കത്തിലൂടെ അറിയിക്കുകയായിരുന്നു.
ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് വനിതാ ക്ഷേമത്തിനും, ഇൻഡോ – ഫ്രഞ്ച് സൗഹൃദത്തിനും ഗൗരി പാർവതീ ബായി നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. ഫ്രഞ്ച് അധ്യാപിക, തിരുവനന്തപുരത്ത അലൈൻസ് ഫ്രാഞ്ചൈസുമായുള്ള ബന്ധം, സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. മലയാളിക്ക് ലഭിച്ച അംഗീകാരമാണിതെന്നും പുരസ്കാരം ലഭിച്ചതില്‍ സന്തോഷമെന്നും പൂയം തിരുനാൾ ഗൗരി പാർവതിഭായി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു ബഹുമതികളാണ് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ തേടിയെത്തിയത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് കഴിഞ്ഞയാഴ്ച പത്മശ്രീ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സഹോദരിയായ പൂയം തിരുനാൾ ഗൗരി പാർവതിഭായിക്ക് ഷെവലിയാർ പട്ടം ലഭിച്ചത്.1802ൽ നെപ്പോളിയൻ ചക്രവർത്തി ഏർപ്പെടുത്തിയ പ്രസിദ്ധമായ അവാർഡാണ് ഷെവലിയാർ പുരസ്‌കാരം. നിലവിൽ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ് ഷെവലിയാർ പുരസ്‌കാരത്തിന്റെ ഗ്രാന്റ്മാസ്റ്റർ. പുരസ്കാരസമർപ്പണം പിന്നീടറിയിക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ രേഖാമൂലം അറിയിച്ചു.