90ലധികം സീറ്റുകൾ നേടി കേരളത്തിൽ ഇത്തവണയും എൽ ഡി എഫ് അധികാരത്തിലെത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൽ ഡി എഫ് 90ൽ കൂടുതൽ സീറ്റുകൾ നേടിയാണ് അധികാരത്തിൽ വന്നത്. ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തുടരണമെന്ന കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഭരണവിരുദ്ധ വികാരമില്ല. എൽ ഡി എഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതിയുമുണ്ടായെന്നും തിരഞ്ഞെടുപ്പ് വിശകലനം ചെയ്തതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കി.
നൂറിലധികം സീറ്റ് നേടുമെന്ന യു ഡി എഫ് പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് ശതമാനത്തിലുണ്ടായ വർധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന് പറഞ്ഞാണ് നൂറിലധികം സീറ്റ് നേടുമെന്ന് യു ഡി എഫ് പറഞ്ഞത്. എന്നാൽ വസ്തുതാപരമായ കാര്യങ്ങൾ പരിശോധിച്ചാൽ അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. എസ് ഐ ആറിന് മുൻപ് 2.84 കോടി വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാല് പരിഷ്കരണത്തിന് ശേഷം 2.17 കോടി വോട്ടർമാരായാണ് കുറഞ്ഞത്. അവരിൽ 78.27 ശതമാനം വോട്ടർമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കണക്ക് പുറത്തുവിട്ടത്.
2021 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 94 മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം എസ് ഐ ആറിനു ശേഷം കുറഞ്ഞു. ഏറ്റവും കുറഞ്ഞത് തിരുവനന്തപുരം മണ്ഡലത്തിലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 71 മണ്ഡലങ്ങളിൽ ഇത്തവണ വോട്ട് ശതമാനം കുറവാണ്. അസാധാരണമായ വോട്ട് വർധന ഉണ്ടായി എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയങ്ങളിലും മന്ത്രിസഭാ രൂപീകരണം വരെ യു ഡി എഫ് നടത്തിക്കഴിഞ്ഞതാണ്. മന്ത്രിമാരുടെ ലിസ്റ്റും മറ്റും പുറത്തുവന്നതുമാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ 99 സീറ്റ് നേടി എൽ ഡി എഫ് അധികാരത്തിൽ വരുകയാണ് ചെയ്തത്.
വനവാസത്തിന് പോകുമെന്ന് സതീശൻ പറഞ്ഞു. എനിക്ക് അദ്ദേഹത്തിനോട് പറയാനുള്ളത് വനവാസത്തിന് പോകേണ്ടതൊന്നുമില്ല, ജനങ്ങൾ അതെല്ലാം ക്ഷമിച്ചോളും. രാഷ്ട്രീയ പ്രവർത്തനമാണ്, പറഞ്ഞതെല്ലാം അതുപോലെ നടക്കണമെന്നില്ല. അദ്ദേഹം യു ഡി എഫിന്റെ നേതാവായി കേരളത്തിൽ തന്നെ തുടരട്ടെ – അദ്ദേഹം പറഞ്ഞു.
ബി ജെ പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് സാധിച്ചില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഉത്തരവാദിത്തമുള്ള ഏജൻസിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചവർക്ക് വോട്ട് നിഷേധിക്കുന്ന രീതിയാണ് ഉണ്ടായത്. 20000ത്തിൽ അധികം പേർക്ക് ഇത്തരത്തിൽ വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നാണ് കണക്കുകൾ – എം വി ഗോവിന്ദൻ പറഞ്ഞു.
