ജാതീയ അധിക്ഷേപം നടത്തിയ അധ്യാപകര്‍ക്ക് സര്‍വീസില്‍ തുടരാന്‍ അവകാശമില്ല : പ്രതിപക്ഷ നേതാവ്

At Malayalam
1 Min Read

കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് ജീവന്‍ ഒടുക്കേണ്ടി വന്നത് കേരളത്തിലാണന്നത് വിശ്വസിക്കാനാകുന്നില്ല. നിതിനെ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അപമാനഭാരത്താലാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്. ഒരു കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമാണ് ഇല്ലാതായത്. വീട് പോലും സ്വന്തമായി ഇല്ലാതെ കുടുംബത്തിലുള്ളതെല്ലാം നഷ്ടപ്പെടുത്തി പഠിപ്പിച്ച ഒരു മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന്റെ ഗതികേട് ആലോചിച്ച് നോക്കൂ. കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കണം – വി ഡി സതീശൻ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ് ജാതീയമായ അധിക്ഷേപങ്ങള്‍ തടയാന്‍ രോഹിത് വെമുലയുടെ പേരില്‍ ഒരു നിയമം കൊണ്ടു വരുമെന്ന് യു ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസരംഗത്തെ കുറിച്ച് വിപുലമായ ചര്‍ച്ച നടത്തിയപ്പോള്‍ നിരവധി കുട്ടികള്‍ക്ക് ജാതീയ അധിക്ഷേപം നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമത്തിന്റെ പ്രസക്തിയെ കുറിച്ച് യു ഡി എഫ് ആലോചിച്ചത്.

ഇ – ഗ്രാന്റ് കിട്ടാതെ വരുമ്പോള്‍ പോലും മറ്റുള്ളവര്‍ കളിയാക്കുകയാണ്. ഇ – ഗ്രാന്റ് ഔദാര്യമല്ല, അവകാശമാണ്. നൂറ്റാണ്ടുകളോളം ജീവിതത്തിന്റെ പിന്നാമ്പുറത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ജനസമൂഹത്തിന് ഭരണഘടന നല്‍കുന്ന അവകാശമാണത്. ജാതീയമായി കുട്ടികളെ അധിക്ഷേപിക്കുന്നത് തടയാന്‍ കേരളത്തില്‍ നിയമം അനിവാര്യമാണ്. പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ കേസിലും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിക്കണം. ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത്? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്. ആ കുട്ടിയുടെ മനസ് എന്തുമാത്രം വിഷമിച്ചു കാണും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദിക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അതുണ്ടായില്ല. 150 പേരുടെ മുന്നില്‍ വച്ചാണ് സിദ്ധാര്‍ത്ഥിനെ അപമാനിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment