കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പൊലീസ്. ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയത്. പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞിട്ടുണ്ട്. വിവാഹം നടന്നതിൽ മറ്റു ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ട് റൂറൽ എസ് പി ഡി ജി പിക്ക് കൈമാറി.
പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്തെന്ന കാരണത്താലാണ് പോക്സോ കുറ്റം ചുമത്തി മധ്യപ്രദേശ് പൊലീസ് ഉത്തര്‍ പ്രദേശ് സ്വദേശി ഫര്‍മാൻ ഖാനെതിരെ കേസെടുത്തത്. തുടർന്നാണ് വിവാഹവുമായി ബന്ധപ്പെട്ട് കേരള പൊലീസും അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാനും തങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിനു നല്‍കിയ മൊഴി. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.
