യു ഡി എഫിന് ഭരണം കിട്ടായാൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകൾ കൂടുതൽ സജീവമാക്കി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രംഗത്ത്. കെ സുധാകരനും പി ജെ കുര്യനും പരസ്യമായി തന്നെ രമേശ് ചെന്നിത്തലയെ പിന്തുണച്ച് നിലവിൽ രംഗത്തു വന്നത് വരും ദിവസങ്ങളിൽ മറ്റു നേതാക്കളും ഏറ്റെടുക്കാൻ സാധ്യതയേറെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സീറ്റ് ചര്‍ച്ചയ്ക്കിടെ പരസ്യ പ്രതികരണം നടത്തിയും അവസാനഘട്ട സ്ഥാനാർഥി നിർണയത്തിൽ വലിയ താമസമുണ്ടാക്കുകയും ചെയ്ത കെ സുധാകരൻ തന്നെയാണ് മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയ്ക്കും ഇപ്പോൾ തുടക്കം കുറിച്ചത്. പിന്നാലെ പി ജെ കുര്യൻ കൂടി അഭിപ്രായം തുറന്നു പറഞ്ഞതോടെ രമേശ് ചെന്നിത്തലയും വി ഡി സതീശനും പ്രതികരിക്കാതിരിക്കാൻ കഴിയാത്ത നിലയിലായി.
യു ഡി എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പരസ്യമായി പറഞ്ഞു കഴിഞ്ഞു. യു ഡി എഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പി ജെ കുര്യൻ വ്യക്തമാക്കി. തിരുവല്ലയിലെ യു ഡി എഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തല വേദിയിൽ ഇരിക്കവേയാണ് പി ജെ കുര്യന്റെ പ്രസ്താവന. എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.
യു ഡി എഫിന് ഭരണം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന മുതിർന്ന നേതാവ് പി ജെ കുര്യന്‍റെ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്നാലെ എത്തി. അതൊക്കെ ഓരോ ആളുകൾ പറയുന്നതാണെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഒരു വിധ ചർച്ചയും കോൺഗ്രസിൽ ഇല്ലെന്നും സതീശൻ വ്യക്തമാക്കി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് ഒരു പ്രൊസീജ്യർ ഉണ്ട്. മുതിർന്ന നേതാക്കൾക്ക് ധാരണയുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തെലങ്കാനയിലും കർണാടകയിലും എന്താണോ ചെയ്തത്, അങ്ങനെ മുന്നോട്ടു പോകുമെന്നും സതീശൻ വ്യക്തമാക്കി.
