ഇഞ്ചോടിഞ്ച് പോരാട്ടം, ഇത്തവണ കേരളത്തിന്റെ വിധി നിർണ്ണയിക്കുക 25 മണ്ഡലങ്ങൾ

At Malayalam
13 Min Read

2021 ൽ 5000 ത്തിനോട് അടുത്തു മാത്രം ഭൂരിപക്ഷത്തോടെ വിജയികളെ നിശ്ചയിച്ച മണ്ഡലങ്ങൾ ഇത്തവണ രണ്ടു മുന്നണികളെ സംബന്ധിച്ചും നിർണ്ണായകമാണ്. 2026 ൽ എൽ ഡി എഫ് അധികാരം നിലനിർത്തുമോ യു ഡി എഫ് അധികാരത്തിൽ തിരിച്ചുവരുമോ എന്നതിൽ ഏറ്റവും നിർണ്ണായകമാകുക 25 നിയമസഭാ മണ്ഡലങ്ങളാണ്. ഇതിൽ 18 ഇടത്ത് എൽ ഡി എഫും ഏഴിടത്ത് യു ഡി എഫും വിജയിച്ചിരുന്നു. 25 മണ്ഡലങ്ങൾ ഇരുമുന്നണികൾക്കും നിർണ്ണായകമാണ്

ആറു മണ്ഡലങ്ങളിൽ വിജയം ആയിരം വോട്ടിൽ താഴെ

പെരിന്തൽമണ്ണ

പെരിന്തൽമണ്ണയിൽ യു ഡി എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരമായിരുന്നു 2021 ൽ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. വെറും 38 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫയെ മുസ്ലിം ലീ​ഗിൻ്റെ നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ നജീബ് കാന്തപുരത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി എൽ ഡി എഫ് സ്ഥാനാർത്ഥി നിയമനടപടികളിലേയ്ക്ക് കടന്നിരുന്നു. കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളിൽ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താൽ വരാണാധികാരി അസാധുവാക്കി. 348 വോട്ടുകൾ അസാധുവാക്കിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തായിരുന്നു മുഹമ്മദ് മുസ്തഫ നിയമനടപടികളിലേയ്ക്കു കടന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവ് നജീബ് കാന്തപുരത്തിന് അനുകൂലമായതോടെ കെ പി എം മുസ്തഫ നിയമനടപടികളിൽ നിന്ന് പിന്മാറുകയായിരുന്നു. പെരിന്തൽമണ്ണ നിലനിർത്താനായി വീണ്ടും ഇറങ്ങുന്ന നജീബ് കാന്തപുരത്തെ നേരിടാൻ വി പി മുഹമ്മദ്‌ ഹനീഫയയെയാണ് സി പി എം രം​ഗത്തിറക്കിയിരിക്കുന്നത്. അഡ്വ. കെ പി ബലരാജാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥി.

- Advertisement -

കുറ്റ്യാടി

2021 ൽ 333 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിനു മാത്രം സി പി എമ്മിൻ്റെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വിജയിച്ച കുറ്റ്യാടി നിയമസഭാ മണ്ഡലം ഇരുമുന്നണികളെ സംബന്ധിച്ചും ഇത്തവണ നി‍ർണ്ണായകമാണ്. മുസ്ലിം ലീ​ഗിൻ്റെ സിറ്റിം​ഗ് എം എൽ എ പാറക്കൽ അബ്ദുള്ളയെ ആയിരുന്നു ഫോട്ടോഫിനിഷിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പരാജയപ്പെടുത്തിയത്. 2021 ൽ സീറ്റ് ധാരണയുടെ ഭാ​ഗമായി കുറ്റ്യാടി കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിനു വിട്ടുനൽകിയതിനെതിരെ സി പി എം അണികൾ പ്രതിഷേധവുമായി രം​ഗത്ത് ഇറങ്ങിയിരുന്നു. കേരള കോൺ​ഗ്രസ് മത്സരിച്ചാൽ വിമത സഥാനാർത്ഥിയെ നിർത്താനുള്ള ആലോചനയും സി പി എമ്മിൽ ഒരുവിഭാ​ഗം നടത്തിയിരുന്നു. എന്നാൽ ഒടുവിൽ വെടിനിർത്തലിൻ്റെ ഭാ​ഗമായി കേരള കോൺ​ഗ്രസ് കുറ്റ്യാടി സി പി എമ്മിന് മടക്കി നൽകി. പിന്നീട് സ്ഥാനാർത്ഥിയായി നിയോ​ഗിതനായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ 333 വോട്ടിൻ്റെ നേരിയ ഭൂരിപക്ഷത്തിനു കുറ്റ്യാടി തിരിച്ചുപിടിക്കുകയായിരുന്നു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെയാണ് മണ്ഡലം നിലനിർത്താനായി സി പി എം ഇപ്രാവശ്യം രം​ഗത്തിറക്കുന്നത്. പാറക്കൽ അബ്ദുളളയെ തന്നെയാണ് മണ്ഡലം തിരിച്ച് പിടിക്കാനായി മുസ്ലിം ലീ​ഗ് ഇവിടെ നിയോ​ഗിച്ചിരിക്കുന്നത്. രാമദാസ് മണലേരിയാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

മഞ്ചേശ്വരം

2021ൽ ഫോട്ടോഫിനിഷിൻ്റെ പ്രതീതി സൃഷ്ടിച്ച മറ്റൊരു മണ്ഡലം മഞ്ചേശ്വരമായിരുന്നു. 2016 ൽ 89 വോട്ടിന് മാത്രം പരാജയപ്പെട്ട കെ സുരേന്ദ്രൻ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2021 ൽ ഇവിടെ വീണ്ടും മത്സരിക്കാനെത്തിയത്. സിറ്റിം​ഗ് എം എൽ എ എം സി കമറുദ്ദീനെതിരായ സാമ്പത്തിക ആരോപണങ്ങൾ മുസ്ലിം ലീ​ഗിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലായിരുന്നു 2021 ലെ തെരഞ്ഞെടുപ്പ്. എന്നാൽ മുസ്ലിം ലീ​ഗിൻ്റെ യുവനേതാവ് എ കെ എം അഷ്റഫ് ഇവിടെ 745 വോട്ടിന് വിജയിക്കുകയായിരുന്നു. എ കെ എം അഷ്റഫിനെ തന്നെയാണ് മണ്ഡലം നിലനിർത്താനായി മുസ്ലിം ലീ​ഗ് വീണ്ടും നിയോ​ഗിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും കപ്പിനും ചുണ്ടിനും ഇടയിൽ വിജയം വഴുതിപ്പോയ കെ സുരേന്ദ്രനെയാണ് ബി ജെ പി മഞ്ചേശ്വരം പിടിച്ചെടുക്കാനായി മത്സരരം​ഗത്ത് ഇറക്കിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം കെ ആ‍‍ർ ജയാനന്ദയെയാണ് ഇവിടെ സി പി എം മത്സരിപ്പിക്കുന്നത്.

തൃശ്ശൂർ

- Advertisement -

2021 ൽ ആയിരം വോട്ടിനു താഴെ വിധി നിർണ്ണയിച്ച മറ്റൊരു മണ്ഡലമായിരുന്നു തൃശ്ശൂർ‍. 946 വോട്ടിനായിരുന്നു ഇവിടെ സി പി ഐ സ്ഥാനാർത്ഥി പി ബാലചന്ദ്രൻ്റെ വിജയം. കോൺ​ഗ്രസിൻ്റെ പത്മജാ വേണു​ഗോപാലിനെയാണ് പി ബാലചന്ദ്രൻ പരാജയപ്പെടുത്തിയത്. ബി ജെ പിക്കായി മത്സരിച്ച സുരേഷ് ​ഗോപി 40457 വോട്ട് നേടി ഇവിടെ മൂന്നാമതെത്തിയിരുന്നു. സിറ്റിം​ഗ് എം എൽ എ പി ബാലചന്ദ്രനെ മാറ്റി കവി ആലങ്കോട് ലീലാകൃഷ്ണനെയാണ് സി പി ഐ തൃശ്ശൂർ നിലനിർത്താനായി രം​ഗത്തിറക്കിയിരിക്കുന്നത്. 2021 ൽ കോൺ​ഗ്രസിനായി തൃശ്ശൂരിൽ മത്സരിച്ച പത്മജ വേണു​​ഗോപാൽ ഇത്തവണ ബി ജെ പി സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറങ്ങുന്നത്. മുൻ മേയർ രാജൻ പല്ലനെയാണ് കോൺ​ഗ്രസ് തൃശ്ശൂരിൽ നിയോ​ഗിച്ചിരിക്കുന്നത്.

താനൂർ

985 വോട്ടിന് 2021 ൽ ഇടതുപക്ഷത്തിൻ്റെ വി അബ്ദുറഹിമാൻ വിജയിച്ച താനൂരിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. മുസ്ലിം ലീ​ഗിൻ്റെ യുവ നേതാവ് പി കെ ഫിറോസിനെ ശക്തമായ പേരാട്ടത്തിൽ അടിയറവ് പറയിച്ചായിരുന്നു അബ്ദുറഹിമാൻ്റെ വിജയം. 2016 ൽ മുസ്ലിം ലീ​ഗിൻ്റെ അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വി അബ്ദുറഹിമാൻ പരാജയപ്പെടുത്തിയിരുന്നു. 1957 മുതൽ 2011വരെ തുടർച്ചയായി വിജയിച്ചു വന്ന താനൂർ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീ​ഗ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സിറ്റിം​ഗ് എം എൽ എ വി അബ്ദുറഹിമാനെയാണ് ആദ്യം സി പി എം ഇവിടെ നിശ്ചയിച്ചതെങ്കിൽ പിന്നീട് അദ്ദേഹത്തെ തിരൂരിലേയ്ക്ക് മാറ്റുകയായിരുന്നു. എം എസ് എഫ് നേതാവ് പി കെ നവാസിനെയാണ് താനൂർ തിരിച്ചു പിടിക്കാൻ മുസ്ലിം ലീ​ഗ് മത്സരിപ്പിക്കുന്നത്. മലപ്പുറം വെസ്റ്റ് ജില്ലാ അധ്യക്ഷയായി നിലവിൽ ചുമതല വഹിക്കുന്ന ദീപ പുഴയ്ക്കലിനെയാണ് ബി ജെ പി ഇവിടെ രം​ഗത്ത് ഇറങ്ങിയിരിക്കുന്നത്.

- Advertisement -

തൃപ്പൂണിത്തുറ

2021ൽ കോൺ​ഗ്രസിൻ്റെ കെ ബാബു 992 വോട്ടിന് വിജയിച്ച തൃപ്പൂണിത്തുറയാണ് ഭൂരിപക്ഷ കണക്കിൽ 1000 ന് താഴെ വിധി നിർണ്ണയിച്ച ആറാമത്തെ മണ്ഡലം. 2016 ൽ സി പി എമ്മിലെ എം സ്വരാജ് 4467 വോട്ടിന് വിജയിച്ച തൃപ്പൂണിത്തുറ 2021ല്‍ കെ ബാബു പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കെ ബാബു മതചിഹ്നം ഉപയോ​ഗിച്ച് വോട്ടു തേടിയെന്ന പരാതി ഉന്നയിച്ച് എം സ്വരാജ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെയ്ക്കുകയായിരുന്നു. പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി പിന്നീട് പിൻവലിക്കുകയായിരുന്നു. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ദീപക് ജോയിയെയാണ് കോൺ​ഗ്രസ് സിറ്റിം​ഗ് സീറ്റിൽ രം​ഗത്തിറക്കിയിരിക്കുന്നത്. വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനെയാണ് സി പി എം മണ്ഡലം മാറ്റി തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കുന്നത്. ട്വൻ്റി 20 യുടെ സ്ഥാനാർത്ഥി അഭിനേത്രി അഞ്ജലി നായരാണ് ഇവിടെ എൻ ഡി എക്കായി മത്സരിക്കുന്നത്.

1000ത്തിനും 3000ത്തിനും ഇടയിൽ ഭൂരിപക്ഷം കിട്ടിയ മണ്ഡലങ്ങൾ

ചാലക്കുടി

ചാലക്കുടിയിൽ യു ഡി എഫിൻ്റെ ടി ജെ സനീഷ് കുമാ‍ർ ജോസഫ് 1057 വോട്ടിനായിരുന്നു വിജയിച്ചത്. 2006 മുതൽ സി പി എം വിജയിച്ചു വന്നിരുന്ന ചാലക്കുടി 2021ൽ മുന്നണിയിലേയ്ക്ക് പുതിയതായി വന്ന കേരള കോൺ​ഗ്രസ് എമ്മിന് വിട്ടു നൽകുകയായിരുന്നു. കേരള കോൺ​ഗ്രസ് എമ്മിലെ ഡെന്നിസ് കെ ആൻ്റണിയെയായിരുന്നു ടി ജെ സനീഷ് കുമാർ ജോസഫ് പരാജയപ്പെടുത്തിയത്. ചാലക്കുടി നിലനിർത്താൻ സനീഷ് കുമാർ ജോസഫിനെ തന്നെയാണ് യു ഡി എഫ് വീണ്ടും മത്സരിപ്പിക്കുന്നത്. ചാലക്കുടി മുന്‍ ന​ഗരസഭാ അം​ഗവും കോൺ​ഗ്രസ് നേതാവുമായിരുന്ന ബിജു ചിറയത്തിനെയാണ് കേരള കോണ്‍ഗ്രസ് എം ഇവിടെ രം​ഗത്തിറക്കിയിരിക്കുന്നത്. ട്വൻ്റി 20 യുടെ അഡ്വ. ചാർളി പോളാണ് ഇവിടെ എൻ‍ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ചവറ

1096 വോട്ടിനായിരുന്നു ചവറയിൽ എൽ ഡി എഫിൻ്റെ സുജിത് വിജയൻപിള്ള വിജയിച്ചത്. സി പി എം സ്വതന്ത്രനായി മത്സരിച്ച സുജിത് വിജയൻപിള്ള ആർ എസ് പിയുടെ ഷിബു ബേബി ജോണിനെയാണ് പരാജയപ്പെടുത്തിയത്. സുജിത് വിജയൻ പിള്ളയെ തന്നെയാണ് ഇത്തവണ ചവറ നിലനിർത്താൻ സി പി എം നിയോ​ഗിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയായി കൈവിട്ട ചവറ തിരിച്ചു പിടിക്കാൻ ഷിബു ബേബി ജോണിനെ തന്നെയാണ് ആർ എസ് പി വീണ്ടും മത്സരരം​ഗത്ത് ഇറക്കിയിരിക്കുന്നത്. എൻ ഡി എ ഇതുവരെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

റാന്നി

2021ൽ എൽ ഡി എഫ് 1285 വോട്ടിനായിരുന്നു റാന്നിയിൽ വിജയിച്ചത്. കേരള കോൺ​ഗ്രസ് എമ്മിലെ പ്രമോദ് നാരായൺ കോൺ​ഗ്രസിലെ റിങ്കു ചെറിയാനെയാണ് പരാജയപ്പെടുത്തിയത്. 1996 മുതൽ സി പി എമ്മിലെ രാജു എബ്രഹാം വിജയിച്ചു വരുന്ന റാന്നി 2021 ൽ മുന്നണി മാറ്റത്തിനു പിന്നാലെ കേരള കോൺ​​ഗ്രസ് എമ്മിന് വിട്ടുനൽകുകയായിരുന്നു. പ്രമോദ് നാരായണിനെ തന്നെയാണ് മണ്ഡലം നിലനിർത്തുന്നതിനായി കേരള കോൺ​ഗ്രസ് എം മത്സരരം​ഗത്ത് ഇറക്കിയിരിക്കുന്നത്. പഴകുളം മധുവിനെയാണ് റാന്നിയിൽ കോൺ​ഗ്രസ് മത്സരിപ്പിക്കുന്നത്. ട്വൻ്റി 20 യുടെ തോമസ് കെ സാമുവേലാണ് ഇവിടെ എൻ ഡി എയുടെ സ്ഥാനാർത്ഥിയായി മത്സരരം​ഗത്തുള്ളത്.

കണ്ണൂർ

1745 വോട്ടിനായിരുന്നു 2021ൽ കണ്ണൂരിൽ കോൺ​​ഗ്രസ് എസിൻ്റെ കടന്നപ്പള്ളി രാമചന്ദ്രൻ വിജയിച്ചത്. പരമ്പരാ​ഗതമായി കോൺ​ഗ്രസിൻ്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ തുടർച്ചയായ രണ്ടാമത്തെ വിജയമാണ് കടന്നപ്പള്ളി സ്വന്തമാക്കിയത്. കോൺ​ഗ്രസിൻ്റെ സതീശൻ പാച്ചേനിയെ തന്നെയായിരുന്നു 2016 ലും കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. 1196 വോട്ടിനായിരുന്നു 2016 ൽ കടന്നപ്പള്ളി രാമചന്ദ്രൻ്റെ വിജയം. 2021 ൽ ധർ‍മ്മടത്ത് പിണറായി വിജയനെതിരെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സി ര​ഘുനാഥിനെയാണ് ഇത്തവണ ബി ജെ പി കണ്ണൂരിൽ മത്സരത്തിനിറക്കിയിരിക്കുന്നത്.

പീരുമേട്

അന്തരിച്ച വാഴൂർ സോമൻ 1835 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ല്‍ പീരുമേട്ടിൽ നിന്നു വിജയിച്ചത്. യു ഡി എഫിൻ്റെ സിറിയക് തോമസിനെയായിരുന്നു സി പി ഐയുടെ വാഴൂർ സോമൻ പരാജയപ്പെടുത്തിയത്. 2006 മുതൽ സി പി ഐ മത്സരിച്ചു വരുന്ന മണ്ഡലമാണ് പീരുമേട്. നിലവിലെ ജില്ലാ സെക്രട്ടറി കെ സലിം കുമാറിനെയാണ് വാഴൂർ സോമന് പകരക്കാരനായി ഇവിടെ സി പി ഐ മത്സരിപ്പിക്കുന്നത്. സിറിയക് തോമസിനെയാണ് കോൺ​ഗ്രസ് ഇവിടെ മത്സരരം ഗത്തിറക്കിയിരിക്കുന്നത്. വി രതീഷിനെയാണ് പീരുമേട് ബി ജെ പി ഒടുവിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. .

കൊല്ലം

2021 ൽ കൊല്ലത്ത് എം മുകേഷിൻ്റെ വിജയം 2072 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു. സി പി എമ്മിൻ്റെ ശക്തികേന്ദ്രമായ കൊല്ലത്ത് പക്ഷെ ഇത്തവണ എം മുകേഷിനു പകരം എസ് ജയമോഹനെയാണ് സി പി എം രം​ഗത്തിറക്കിയിരിക്കുന്നത്. ബിന്ദു കൃഷ്ണയെയാണ് കൊല്ലം പിടിച്ചെടുക്കാൻ കോൺ​ഗ്രസ് നിയോ​ഗിച്ചിരിക്കുന്നത്. ഡോ. എൻ പ്രതാപ് കുമാറിനെയാണ് ബി ജെ പി ഇവിടെ മത്സരരം​ഗത്ത് ഇറക്കിയിരിക്കുന്നത്.

തവനൂർ

2564 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു തവനൂരിൽ 2021ൽ കെ ടി ജലീലിൻ്റെ വിജയം. കോൺ​ഗ്രസിൻ്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് ശക്തമായ പോരാട്ടത്തിനൊടുവിൽ ജലീൽ പരാജയപ്പെടുത്തിയത്. മണ്ഡലം രൂപം കൊണ്ട 2011നു ശേഷം കെ ടി ജലീൽ മാത്രമാണ് ഇവിടെ വിജയിക്കുന്നത്. മണ്ഡലം നിലനിർത്താൻ കെ ടി ജലീലിനെ തന്നെയാണ് സി പി എം ഇവിടെ വീണ്ടും നിയോ​ഗിച്ചിരിക്കുന്നത്. ഡി സി സി ആധ്യക്ഷൻ വി എസ് ജോയിയെയാണ് കോൺ​ഗ്രസ് ഇത്തവണ രം ഗത്തിറക്കിയിരിക്കുന്നത്. രവി തേലത്തിനെയാണ് ബി ജെ പി തവനൂരിൽ മത്സരിപ്പിക്കുന്നത്.

കുന്നത്തുനാട്

കോൺ​ഗ്രസിൻ്റെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ 2715 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു 2021 ൽ സി പി എമ്മിൻ്റെ പി വി ശ്രീനിജിൻ്റെ വിജയം. സിറ്റിം​ഗ് എം എൽ എ വി പി സജീന്ദ്രനെയായിരുന്നു ശ്രീനിജിൻ പരാജയപ്പെടുത്തിയത്. സിറ്റിം​ഗ് സീറ്റ് നിലനിർത്താൻ പി വി ശ്രീനിജിനെ തന്നെയാണ് സി പി എം രം​ഗത്ത് ഇറക്കിയിരിക്കുന്നത്. വി പി സജീന്ദ്രനെ കോൺ​ഗ്രസ് ഇവിടെ വീണ്ടും മത്സരത്തിന് ഇറക്കിയിട്ടുണ്ട്. കോൺ​ഗ്രസ് വിട്ടെത്തിയ അടൂർ മുൻ ന​ഗരസഭാ ചെയർമാൻ ബാബു ദിവാകരനാണ് എൻ ഡി എയ്ക്കായി ട്വൻ്റി 20 ടിക്കറ്റിൽ ഇവിടെ മത്സരിക്കുന്നത്.

കുന്നത്തൂർ

കുന്നത്തൂരിൽ 2790 വോട്ടിനായിരുന്നു ആർ എസ് പി ലെനിസ്റ്റ് നേതാവ് കോവൂ‍ർ കുഞ്ഞുമോൻ 2021ൽ വിജയിച്ചത്. ആർ എസ് പിയുടെ ഉല്ലാസ് കോവൂരിനെയാണ് കോവൂർ‍ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്. തുട‍ർച്ചയായ ആറാം വിജയം സ്വന്തമാക്കാനായി കോവൂർ കുഞ്ഞുമോൻ ഇത്തവണയും മത്സരരം​ഗത്തുണ്ട്. ഉല്ലാസ് കോവൂരിനെ തന്നെയാണ് ആ‍ർ എസ് പി മത്സരരം​ഗത്ത് ഇറക്കിയിരിക്കുന്നത്. രാജി പ്രസാദിനെയാണ് ബി ജെ പി ഇവിടെ രം​ഗത്തിറക്കിയിരിക്കുന്നത്.

പെരുമ്പാവൂർ

കോൺ​ഗ്രസിന്റെ എൽദോസ് കുന്നപ്പിള്ളി 2899 വോട്ടിനായിരുന്നു 2021ൽ പെരുമ്പാവൂരിൽ വിജയിക്കുന്നത്. കേരള കോൺ​ഗ്രസ് എമ്മിലെ ബാബു ജോസഫ് പെരുമ്പാവൂരിനെയാണ് എല്‍ദോസ് കുന്നപ്പിള്ളി പരാജയപ്പെടുത്തിയത്. സിറ്റിം​ഗ് എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനെയാണ് കോൺ​ഗ്രസ് ഇവിടെ രം​ഗത്തിറക്കിയിരിക്കുന്നത്. സിറ്റിം​ഗ് എം എൽ എമാരിൽ എൽദോസ് കുന്നപ്പിള്ളിക്ക് മാത്രമാണ് ഇത്തവണ കോൺ​ഗ്രസ് സീറ്റ് നിഷേധിച്ചത്. സീറ്റ് നിഷേധിച്ചതിലെ അതൃപ്തി എൽദോസ് കുന്നപ്പിള്ളി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കേരള കോൺ​ഗ്രസ് എം ബേസിൽ പോളിനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. 2021ൽ മണ്ഡലത്തിൽ സ്വാധീനം തെളിയിച്ച ട്വൻ്റി 20യാണ് എൻ ഡി എയ്ക്കായി ഇവിടെ മത്സരിക്കുന്നത്. ജിബി വർ​ഗീസിനെയാണ് ട്വൻ്റി 20 ഇവിടെ രം​ഗത്തിറക്കിയിരിക്കുന്നത്.

അടൂർ

കോൺ​ഗ്രസിലെ എം ജി കണ്ണനെ 2919 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ൽ അടൂരിൽ ചിറ്റയം ​ഗോപകുമാർ പരാജയപ്പെടുത്തിയത്. സിറ്റിം​ഗ് എം എൽ എ ചിറ്റയം ​ഗോപകുമാറിനു പകരം പ്രിജി കണ്ണനെയാണ് സി പി ഐ മത്സരരം​ഗത്ത് ഇറക്കിയിരിക്കുന്നത്. അഡ്വ. ശാന്തകുമാറിനെയാണ് കോൺ​ഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. പന്തളം പ്രതാപനെയാണ് ഒടുവിൽ അടൂരിൽ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്.

3000ത്തിനും 5000ത്തിനും ഇടയിൽ ഭൂരിപക്ഷമുള്ള മണ്ഡലങ്ങൾ

തൃത്താല

3016 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് 2021ൽ സി പി എമ്മിൻ്റെ എം ബി രാജേഷ് കോൺ​ഗ്രസിൻ്റെ വി ടി ബൽറാമിനെ പരാജയപ്പെടുത്തിയത്. എം ബി രാജേഷും വി ടി ബൽറാമും തന്നെയാണ് ഇത്തവണയും തൃത്താലയിൽ മുഖാമുഖം വരുന്നത്. വി ഉണ്ണികൃഷ്ണൻ മാസ്റ്ററെയാണ് ബി ജെ പി ഇവിടെ രം​ഗത്തിറക്കിയിരിക്കുന്നത്.

പേരാവൂർ

3172 വോട്ടിനായിരുന്നു കോൺ​ഗ്രസിൻ്റെ സണ്ണി ജോസഫ് സി പി എമ്മിൻ്റെ പ്രാദേശിക നേതാവ് സക്കീർ ഹുസൈനെ 2021ൽ പേരാവൂരിൽ പരാജയപ്പെടുത്തിയത്. സിറ്റിം​ഗ് എം എൽ എയും കെ പി സി സി അധ്യക്ഷനുമായ സണ്ണി ജോസഫിനെയാണ് കോൺ​ഗ്രസ് ഇത്തവണയും പേരാവൂരിൽ രം​ഗത്തിറക്കിയിരിക്കുന്നത്. പേരാവൂർ തിരിച്ച് പിടിക്കാൻ കേന്ദ്രകമ്മിറ്റി അം​ഗം കെ കെ ശൈലജയെയാണ് സി പി എം ഇവിടെ രം​ഗത്തിറക്കിയിരിക്കുന്നത്. ബി ഡി ജെഎസിൻ്റെ പൈലി വാത്യാട്ടാണ് ഇവിടെ എൻ ഡി എയ്ക്കായി മത്സരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് പേരാവൂർ.

നേമം

2021 ൽ ശക്തമായ ത്രികോണ മത്സരം നടന്ന ബി ജെ പിയുടെ സിറ്റിം​ഗ് സീറ്റായിരുന്ന നേമത്ത് സി പി എമ്മിൻ്റെ വി ശിവൻകുട്ടി 3949 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ബി ജെ പിയുടെ കുമ്മനം രാജശേഖരനെയായിരുന്നു ശിവൻകുട്ടി പരാജയപ്പെടുത്തിയത്. കോൺ​ഗ്രസിൻ്റെ കെ മുരളീധരൻ ഇവിടെ മൂന്നാമതായിരുന്നു. ശക്തമായ പേരാട്ടത്തിൻ്റെ പ്രതീതി സൃഷ്ടിച്ചാണ് നേമത്ത് ഇത്തവണയും തിരഞ്ഞെടുപ്പിന് അരങ്ങുണരുന്നത്. സിറ്റിം​ഗ് എം എൽ എ വി ശിവൻകുട്ടിയെ തന്നെയാണ് സി പി എം നേമത്ത് രം​ഗത്തിറക്കിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നേമം തിരിച്ചു പിടിക്കാൻ മത്സരരം​ഗത്ത് ഉള്ളത്. കോൺ​ഗ്രസിനായി കെ എസ് ശബരിനാഥനും കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിൻ്റെ ചിത്രമാണ് നേമത്ത് തെളിയുന്നത്.

നാദാപുരം

സി പി ഐയുടെ ഇ കെ വിജയൻ 2021ൽ 4035 വോട്ടിനാണ് നാദാപുരത്ത് നിന്നും വിജയിച്ചത്. കോൺ​ഗ്രസിൻ്റെ അഡ്വ. കെ പ്രവീൺ കുമാറിനെയായിരുന്നു ഇ കെ വിജയൻ പരാജയപ്പെടുത്തിയത്. സിറ്റിം​ഗ് എം എൽ എയ്ക്കു പകരം പി വസന്തത്തെയാണ് സി പി ഐ രം​ഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ കെ എം അഭിജിത്താണ് നാദാപുരത്ത് കോൺ​ഗ്രസിനായി മത്സരിക്കുന്നത്. സി പി വിപിൻ ചന്ദ്രനാണ് ഇവിടെ ബി ജെ പി സ്ഥാനാർ‍ത്ഥി.

കടുത്തുരുത്തി

4256 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് 2021 ൽ കേരള കോൺ​ഗ്രസിൻ്റെ മോൻസ് ജോസഫ് വിജയിച്ച മണ്ഡലമാണ് കടുത്തുരുത്തി. കേരള കോൺ​ഗ്രസ് എമ്മിൻ്റെ സ്റ്റീഫൻ ജോ‍ർജിനെയാണ് മോൻസ് ജോസഫ് പരാജയപ്പെടുത്തിയത്. സിറ്റിം​ഗ് എം എൽ എ മോൻസ് ജോസഫിനെ തന്നെയാണ് കേരള കോൺ​ഗ്രസ് കടുത്തുരുത്തിയിൽ രം​ഗത്തിറക്കിയിരിക്കുന്നത്. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയാണ് ഇവിടെ കേരള കോൺ​ഗ്രസ് എമ്മിൻ്റെ സ്ഥാനാർത്ഥി. ബി ഡി ജെഎസിന്റെ സുരേഷ് ഇട്ടിക്കുന്നേലാണ് ഇവിടെ എൻ ഡി എ സ്ഥാനാ‍ർത്ഥി.

കുണ്ടറ

2021ൽ കോൺ​ഗ്രസിൻ്റെ പി സി വിഷ്ണുനാഥ് സി പി എമ്മിൻ്റെ ജെ മേഴ്സിക്കുട്ടിയമ്മയെ 4523 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു പരാജയപ്പെടുത്തിയത്. ഇത്തവണ സിറ്റിം​ഗ് എം എൽ എ പി സി വിഷ്ണുനാഥിനെ തന്നെ കോൺ​ഗ്രസ് രം​ഗത്തിറക്കുമ്പോൾ ജെ മേഴ്സിക്കുട്ടി അമ്മയ്ക്കു പകരം എസ് എൽ സജി കുമാറിനെയാണ് സി പി എം ഇവിടെ മത്സരിപ്പിക്കുന്നത്. ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെയാണ് ബി ജെ പി കുണ്ടറയിൽ രം​ഗത്തിറക്കിയിരിക്കുന്നത്.

തിരുവമ്പാടി

സി പി എമ്മിൻ്റെ ലിൻ്റോ ജോസഫ് 2021ൽ 4643 വോട്ടിൻ്റെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണ് തിരുവമ്പാടി. മുസ്ലിം ലീ​ഗിൻ്റെ സി പി ചെറിയമുഹമ്മദിനെയായിരുന്നു ലിൻ്റോ ജോസഫ് പരാജയപ്പെടുത്തിയത്. ഇത്തവണ തിരുവമ്പാടി വച്ച് മാറാൻ കോൺ​ഗ്രസും ലീ​ഗും ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ തിരുവമ്പാടിയിൽ ലീ​ഗ് തന്നെ മത്സരിക്കാൻ ധാരണയാവുകയായിരുന്നു. കാസിം കൂടരഞ്ഞിയെയാണ് മുസ്ലിം ലീ​ഗ് ഇത്തവണ രം​ഗത്തിറക്കിയിരിക്കുന്നത്. ട്വൻ്റി 20യുടെ സണ്ണി തോമസാണ് ഇവിടെ എൻ ഡി എയ്ക്കായി മത്സരിക്കുന്നത്.

അരുവിക്കര

5046 വോട്ടിന് സി പി എമ്മിൻ്റെ ജി സ്റ്റീഫൻ വിജയിച്ച അരുവിക്കരയും 2026 ൻ്റെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇരുമുന്നണികൾക്കും നിർണ്ണായകമാണ്. കോൺ​ഗ്രസിൻ്റെ കെ എസ് ശബരീനാഥിനെയാണ് ജി സ്റ്റീഫൻ പരാജയപ്പെടുത്തിയത്. സിറ്റിം​ഗ് സീറ്റിൽ ജി സ്റ്റീഫനെ തന്നെ സി പി എം മത്സരിക്കുമ്പോൾ കെ എസ് ശബരീനാഥന് പകരം വി എസ് ശിവകുമാറിനെയാണ് കോൺ​ഗ്രസ് മത്സരത്തിനിറക്കുന്നത്. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ വിവേക് ഗോപനെയാണ് അരുവിക്കരയിൽ ബി ജെ പി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment