എറണാകുളം സൗത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം

At Malayalam
1 Min Read

കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌സ്പ്രസും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി. ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം.

എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ ആണ് നിയന്ത്രണം. ട്രെയിൻ്റെ വാതിലുകളും പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഉയര വ്യത്യാസം അപകട സാധ്യത സൃഷ്‌ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
രാവിലെ 6 മണിക്ക് എറണാകുളത്തുനിന്നു പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി ഇനി 26 വരെ 6.22 ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45 ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്പ്രസ് ഈ കാലയളവിൽ കോട്ടയം വരെ മാത്രമാകും സർവീസ് നടത്തുക. എറണാകുളം – പാലക്കാട് മെമു (66610) എറണാകുളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ 26 വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. എറണാകുളം – ആലുവ ഇടയിൽ സർവീസ് ഉണ്ടാകില്ല. ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56317) 26 വരെ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം – എറണാകുളം മെമു തൃപ്പൂണിത്തുറ വരെ മാത്രമാകും ഓടുക. എം ജി ആർ ചെന്നൈ – ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ അരമണിക്കൂർ വൈകിയാണ് ഓടുക.

പ്ലാറ്റ്ഫോം 2 ലെ പണികൾ പൂർത്തിയായതിന് ശേഷം 3, 4, 5 പ്ലാറ്റ്ഫോമുകളിലും ഉയരം കൂട്ടും. നാലു വർഷം മുൻപ് കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാൻ ട്രാക്കുകൾ ഉയർത്തിയിരുന്നു. ഇതോടെയാണ് പ്ലാറ്റ്ഫോമുകളുടെ ഉയരം കുറഞ്ഞത്. ഇതുമൂലം പ്രായമായവർക്കും സ്ത്രീകൾക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഉണ്ടായി. ഏകദേശം 2 കോടി രൂപ ചെലവിലാണ് നാല് പ്ലാറ്റ്ഫോമുകളുടെ ഉയരം 20 മുതൽ 50 സെന്റീമീറ്റർ വരെ ഉയർത്തുന്നത്. ഗ്രാനൈറ്റ് പാകുന്നതടക്കമുള്ള ജോലികൾ പിന്നീട് സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി പൂർത്തിയാക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment