മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തം ഉണ്ടായ നിലയിൽ ഉണ്ടായിരുന്ന 31 രോഗികളെ അതിവേഗം സുരക്ഷിതമായി ഒഴിപ്പിച്ച് ആശുപത്രിയിലെ മറ്റ് ഐ സി യു വിഭാഗങ്ങളിലേക്കു മാറ്റി പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ, രോഗികൾക്ക് ആവശ്യമായ ചികിത്സ തുടരുന്നതിനായി ഒരു പുതിയ ഐ സി യു യൂണിറ്റ് അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രോഗികൾക്ക് പൊള്ളലോ മറ്റു ശാരീരിക പരിക്കുകളോ ഉണ്ടായിട്ടില്ല. എല്ലാ രോഗികൾക്കും ഇതിനുമുമ്പ് ലഭിച്ചുകൊണ്ടിരുന്ന ക്രിട്ടിക്കൽ കെയർ ചികിത്സകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു.
മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ സി യുവിൽ നടന്ന തീ പിടിത്തവുമായി ബന്ധപ്പെട്ട് മറ്റു വാർഡുകളിലേക്കു മാറ്റിയ രോഗികൾക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ സന്ദർശിച്ച ശേഷമുള്ള മെഡിക്കൽ ബോർഡ് യോഗമാണ് രോഗികളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യക്തമാക്കിയത്.
ആശുപത്രി സ്റ്റാഫുകളിൽ ചിലർക്ക് പുക ശ്വസിച്ചതുമൂലം നേരിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരുടേയും നില തൃപ്തികരമാണ്. ആശുപത്രി അധികൃതർ രോഗികളുടെ സുരക്ഷയും തുടർ ചികിത്സയും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുണ്ട്.
