സംസ്ഥാനത്തെ ബെവ്കോയുടെ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ പുതിയ മാറ്റം. തിങ്കളാഴ്ച മുതൽ ഈ ഔട്ട്ലറ്റുകളിൽ നോട്ടുകൾ സ്വീകരിക്കില്ല. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്ലെസ് രീതിയിൽ മാത്രം മദ്യവിൽപ്പന നടത്തണം എന്ന നിർദേശം ബെവ്കോ എം ഡി ഹർഷിത അട്ടലൂരി നൽകി.
ഇത്പ്രകാരം ഇനി ഈ കൗണ്ടറുകളിൽ യു പി ഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് പേയ്മെന്റ് എന്നിവ വഴിയാണ് മദ്യം വാങ്ങാൻ കഴിയുക. പണം നേരിട്ട് സ്വീകരിക്കരുതെന്നും ഈ നിർദേശം കർശനമായി പാലിക്കണമെന്നും ഔട്ട്ലറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഇനി പണം സ്വീകരിക്കില്ല എന്ന സന്ദേശം ഉൾപ്പെടുത്തിയ നോട്ടീസുകൾ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ഔട്ട്ലറ്റുകളുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 15 മുതലാണ് ഈ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ക്യാഷ് കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ തീരുമാനം എടുത്തതാണെന്നാണ് അധികൃതർ പറയുന്നത്.
