നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ അഴിച്ചുപണിക്ക് യു ഡി എഫ് നീക്കം എന്ന് റിപ്പോർട്ട്.
കോണ്‍ഗ്രസ് കോട്ടകള്‍ തിരിച്ചുപിടിക്കാനും ബി ജെ പി ഭീഷണി നേരിടാനുമായി പ്രമുഖരെത്തന്നെ രംഗത്തിറക്കാനാണ് ധാരണ. മുന്‍ എം പി രമ്യാ ഹരിദാസിനെ ചിറയിന്‍കീഴില്‍ ഇറക്കാനുള്ള ആലോചനകള്‍ സജീവമായതോടെ ജില്ലയിലെ സീറ്റ് സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാവുകയാണ്.
സംവരണ മണ്ഡലമായ ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസിന്റെ പേരിനാണ് മുന്‍ഗണന. രമ്യ ചിറയിന്‍കീഴില്‍ മത്സരിക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ അന്‍സജിതാ റസലിന് പകരം മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍ തിരിച്ചെത്തിയേക്കും. അല്ലാത്തപക്ഷം കെ എസ് ഗോപകുമാര്‍ ചിറയിന്‍കീഴില്‍ ജനവിധി തേടും. നേമത്ത് കെ എസ് ശബരീനാഥിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് നേതൃത്വത്തിന്റെ പ്ലാന്‍. കവടിയാര്‍ വാര്‍ഡില്‍ നിന്ന് ജയിച്ച് കോര്‍പ്പറേഷനിലെ യു ഡി എഫ് മുഖമായി മാറിയ ശബരീനാഥിലൂടെ നേമത്തെ രാഷ്ട്രീയ ചിത്രം മാറ്റാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
തിരുവനന്തപുരം സി എം പിക്ക്; സി പി ജോണ്‍ സ്ഥാനാര്‍ത്ഥി
ജില്ലയിലെ ഏറ്റവും വലിയ സര്‍പ്രൈസ് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഘടകകക്ഷിയായ സി എം പിക്ക് വിട്ടുനല്‍കിയതാണ്. വി എസ് ശിവകുമാറിന് പകരം സി എം പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകും. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് വിജയസാധ്യത കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് ഈ തീരുമാനമെടുത്തത്. കഴക്കൂട്ടത്ത് ബി ജെ പിയെ പ്രതിരോധിക്കാന്‍ ശരത്ചന്ദ്ര പ്രസാദിന്റെ പേരിനാണ് മുന്‍തൂക്കം.
യു ഡി എഫ് സാധ്യതാ പട്ടിക ഒറ്റനോട്ടത്തില്‍:
വര്‍ക്കല : വര്‍ക്കല കഹാര്‍
ചിറയിന്‍കീഴ് : രമ്യാ ഹരിദാസ് / കെ എസ് ഗോപകുമാര്‍
ആറ്റിങ്ങല്‍ : അരുണ്‍ കുമാര്‍
വാമനപുരം : പാലോട് രവി
നെടുമങ്ങാട് : മീനാങ്കല്‍ കുമാര്‍
അരുവിക്കര : വി എസ് ശിവകുമാര്‍ (സ്ഥാനം മാറിയാല്‍)
കാട്ടാക്കട : എം ആര്‍ ബൈജു
പാറശ്ശാല : നെയ്യാറ്റിന്‍കര സനല്‍
നെയ്യാറ്റിന്‍കര : അന്‍സജിതാ റസല്‍ / എന്‍ ശക്തന്‍
കോവളം : എം. വിന്‍സന്റ്
തിരുവനന്തപുരം : സി പി ജോണ്‍ (സി എം പി)
നേമം : കെ എസ് ശബരീനാഥ്
വട്ടിയൂര്‍ക്കാവ് : കെ മുരളീധരന്‍
കഴക്കൂട്ടം : ശരത്ചന്ദ്ര പ്രസാദ്
ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ചര്‍ച്ചകള്‍ക്ക് ശേഷം പട്ടികയില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. ജില്ലയിലെ കരുത്തരായ നേതാക്കളെ സുരക്ഷിത മണ്ഡലങ്ങളിലേക്ക് മാറ്റുന്നതും പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതും യു ഡി എഫിന് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
